വോട്ടാവേശത്തിൽ കേരളം, സംസ്ഥാനത്തെ പോളിങ് ശതമാനം 65 കടന്നു

By Web TeamFirst Published Apr 6, 2021, 2:53 PM IST
Highlights

സംസ്ഥാനത്ത് അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്നം പരിഹരിച്ച് പോളിംഗ് തുടരാൻ കഴിഞ്ഞു. 

തിരുവനന്തപുരം: ചൂടിലും തളരാതെ ജനം പോളിങ്ങ് ബൂത്തിലേക്ക്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് 65 ശതമാനം കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിങ്ങാണ്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ സംസ്ഥാനത്തെ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തി. സംസ്ഥാനത്ത് അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്നം പരിഹരിച്ച് പോളിംഗ് തുടരാൻ കഴിഞ്ഞു. 

പൂഞ്ഞാർ, എരുമേലി കൊരട്ടി സെന്‍റ് മേരീസ് സ്‌കൂൾ ബൂത്ത്, വയനാട് കമ്പളക്കാട് സ്‌കൂൾ ബൂത്ത്, കാഞ്ഞിരപ്പള്ളി പൊൻകുന്നം അട്ടിക്കൽ ബൂത്ത് എന്നിവിടങ്ങളിൽ യന്ത്രം പണി മുടക്കിസാങ്കേതിക വിദഗ്ധർ എത്തി പ്രശ്നം പരിഹരിച്ചു. കുന്നത്തുനാട്, മുണ്ടക്കയം , പൊൻകുന്നം അട്ടിക്കൽ, കോഴിക്കോട് കൊടിയത്തൂർ എന്നിവിടങ്ങളിലും യന്ത്ര തകരാർ വില്ലനായി. പാണക്കാട് സ്‌കൂൾ ബൂത്തിലും തവനൂരിലെ ഒരു ബൂത്തിലും പോളിംഗ് ഒരു മണിക്കൂറിലേറെ വൈകി.

വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷവും കള്ളവോട്ടിന് പരാതിയുമെന്ന ആരോപണം ഉയര്‍ന്നു. കളമശ്ശേരി മണ്ഡലത്തിൽ കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുയര്‍ന്നു. കടങ്ങലൂർ എൽ.പി സ്കൂളിലെ എഴുപത്തേഴാം നന്പർ ബൂത്തിലെ വോട്ടർ അജയ്കൃഷ്ണൻ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്തതായി കണ്ടെത്തി. അമ്പലപ്പുഴ മണ്ഡലത്തില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയ ഹെൽമെറ്റ്‌ധാരിയെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി തിരിച്ചയച്ചു.

 

click me!