കേരളത്തിൽ ഒന്നാമത്തെ ശത്രു എൽഡിഎഫ്, രാജ​ഗോപാൽ പറഞ്ഞത് വെച്ച് ബിജെപിയെ ആക്രമിക്കുന്നത് തെറ്റെന്നും സുരേന്ദ്രൻ

By Web TeamFirst Published Mar 31, 2021, 4:18 PM IST
Highlights

ഭരണപക്ഷത്തിൻ്റെ വീഴ്ച കണ്ടെത്തുകയെന്നതാണ് പ്രതിപക്ഷ ധർമ്മം. എന്നാൽ യുഡിഎഫിന് എന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കുമെന്നതിന് അർത്ഥമില്ല

തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിനോടും യുഡിഎഫിനോടും ഒരേ പോരാട്ടമാണ് ബിജെപി നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ ഭരണകക്ഷിയായിരിക്കും ഒന്നാമത്തെ ശത്രുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി സർക്കാരിനെ ശക്തമായി എതിർത്ത പോലെ ഇപ്പോഴും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തിൻ്റെ വീഴ്ച കണ്ടെത്തുകയെന്നതാണ് പ്രതിപക്ഷ ധർമ്മം. എന്നാൽ യുഡിഎഫിന് എന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കുമെന്നതിന് അർത്ഥമില്ല. പണ്ടൊക്കെ സിപിഎം പറയുന്നത് ഒരു സീറ്റ് ബിജെപിക്ക് കൊടുത്ത് ബാക്കിയെല്ലാം യുഡിഎഫിന് കൊടുക്കും എന്നായിരുന്നു. ഇപ്പോൾ മാറി. തലശ്ശേരിയും ​ഗുരുവായൂരും എടുത്ത് ബാക്കി കൊടുക്കും എന്നാണ് പറയുന്നത്. ബിജെപി സ്വാധീനശക്തിയാണ് എന്ന് ഇവർ തിരിച്ചറിഞ്ഞത് നന്നായി. 

സീറ്റ് കിട്ടാത്തതിലുള്ള വിഷമം കൊണ്ടാവാം ബാലശങ്ക‍ർ ഡീൽ ആരോപണം ഉന്നയിച്ചത്. അതൊക്കെ പറഞ്ഞ് ഇനി പിന്നെയും വേദനിപ്പിക്കണോ?  ഒ രാജ​ഗോപാൽജി കേരളത്തിലെ എറ്റവും മുതിർന്ന നേതാവാണ്. അങ്ങനെയൊരാളുടെ വായിൽ നിന്നും വന്ന ഒരു വാക്ക് വച്ച് അദ്ദേഹത്തേയും പാർട്ടിയേയും ആക്രമിക്കുന്നത് തെറ്റാണ്. രാജേട്ടൻ വളരെ സൗമ്യനാണ്. നിയമസഭയിലടക്കം എല്ലാ വിഷയത്തിലും അദ്ദേഹം തൻ്റെ നിലപാട് കൃത്യമായി പറഞ്ഞിരുന്നു. രാജ​ഗോപാലിൻ്റെ നിയമസഭയിലെ പ്രവർത്തനം വലിയിരുത്തിയപ്പോൾ അദ്ദേഹം നന്നായി പ്രവ‍ർത്തിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങളൊന്നും എവിടെയും ചർച്ചയാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.

click me!