'എന്താണിത്ര ഉറപ്പെന്ന് ചോദിച്ചില്ലേ? ജനങ്ങളാണ് ഉറപ്പ്', വിജയത്തിന്‍റെ അവകാശി ജനം: മുഖ്യമന്ത്രി

Published : May 02, 2021, 06:05 PM ISTUpdated : May 02, 2021, 06:12 PM IST
'എന്താണിത്ര ഉറപ്പെന്ന് ചോദിച്ചില്ലേ? ജനങ്ങളാണ് ഉറപ്പ്', വിജയത്തിന്‍റെ അവകാശി ജനം: മുഖ്യമന്ത്രി

Synopsis

''നാം ഒരു സംസ്ഥാനമെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കുന്നതിന് എൽഡിഎഫിനാണ് കഴിയുകയെന്ന പൊതുബോധ്യം ജനത്തിനുണ്ടായെന്ന് കൂടിയാണ് ഫലം വ്യക്തമാക്കുന്നത്''

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കാരണം ജനങ്ങൾ നൽകിയ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ വിജയത്തിന്‍റെ നേരവകാശികൾ കേരളജനതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്ന് ഞങ്ങൾ പറഞ്ഞത്. അത് അന്വർത്ഥമാക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം'', മുഖ്യമന്ത്രി പറഞ്ഞു.

''കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്‍റെ സമാധാനം തകർക്കുന്ന തരത്തിലുള്ള പല ബോധപൂർവമായ ശ്രമങ്ങളും ആക്രമണങ്ങളുമുണ്ടായി. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂര്‍ണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത്'', പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ:

''ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിൽ നടന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്നത്തെ വിജയം നാട്ടിലെ ജനത്തിന്‍റെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴും തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വോട്ടെണ്ണുന്നതിന് തൊട്ടുമുൻപിലും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എന്താണ് ഇത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ തവണ നേടിയതിലും കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്നാണ് പറഞ്ഞ മറുപടി. അത് തീര്‍ത്തും അന്വര്‍ത്ഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിശദമായ കണക്കിലേക്കും വിശകലനത്തിലേക്കും ഇപ്പോള്‍ പോകുന്നില്ല. അത് പിന്നീട് നടത്താം. എന്നാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്‍റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി. പല രീതിയിലുള്ള ആക്രമണം ഉണ്ടായത് ഒരു ഭാഗം. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂര്‍ണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത്.

ആ ജനം ഇനിയും എൽഡിഎഫിനൊപ്പമുണ്ടെന്നാണ് ജനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതാണ് ഫലം. നാം ഒരു സംസ്ഥാനമെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കുന്നതിന് എൽഡിഎഫിനാണ് കഴിയുകയെന്ന പൊതുബോധ്യം ജനത്തിനുണ്ടായെന്ന് കൂടിയാണ് ഫലം വ്യക്തമാക്കുന്നത്. കേരളത്തിന് ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് പ്രശ്നം നമ്മളെ ബാധിക്കുന്നുണ്ട്.

നിരവധി പ്രശ്നങ്ങളിൽ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കിൽ എൽഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികള്‍ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണ്.

എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ആപത്ഘട്ടത്തിൽ നാടിനെ എങ്ങിനെ നയിക്കുന്നുവെന്ന് നേരിട്ട് അനുഭവമുള്ളവരാണ് ജനം. അതിലൂടെയാണ് നാടിന്റെ ഭാവിക്ക് ഇടത് തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് തുടര്‍ഭരണം വേണമെന്ന നിലപാട് ജനം സ്വീകരിച്ചത്. നാട്ടിൽ ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.

നാടിന്റെ വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. അതിന് കൂടുതൽ തൊഴിൽ അവസരം ഇവിടെയുണ്ടാകണം. നേരത്തെ ഇടത് സര്‍ക്കാ‍ര്‍ ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസിലൂടെയാണ് നാടിന്റെ വ്യാവസായി അന്തരീക്ഷം മാറുക.

ഇക്കാര്യത്തിൽ ഇടതുപക്ഷം പ്രകടനപത്രികയിൽ ഏതെല്ലാം തരത്തിൽ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് വെറും വീഴ്വാക്കല്ലെന്ന് ജനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. എൽഡിഎഫ് നടപ്പാക്കാൻ കഴിയുന്നതേ പറയൂ, പറയുന്നത് നടപ്പാക്കും എന്ന ഉറച്ച വിശ്വാസം ജനത്തിനുണ്ട്.

അത് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുണ്ടായതല്ല. ഈ നാട്ടിൽ ജീവിക്കുന്ന കുഞ്ഞുങ്ങളടക്കം എല്ലാവര്‍ക്കുമുള്ള അനുഭവവും ബോധ്യവുമാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവി താത്പര്യത്തിന് എൽഡിഎഫ് തുടര്‍ ഭരണം വേണമെന്ന് ജനം തീരുമാനിച്ചത്.

നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കലും പ്രധാനമാണ്. അതിനെതിരെ ഒട്ടേറെ വെല്ലുവിളി ഉയരുന്ന സമയമാണിത്. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത സമീപനം കേരളത്തിലുണ്ടാകണം. ഇതെല്ലാ മതനിരപേക്ഷ വാദികളും ചിന്തിക്കുന്നതാണ്. നമ്മുടെ നാട്ടിലും വര്‍ഗീയ ശക്തികളുണ്ട്. അവരുടെ തനത് രീതികള്‍ കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാൻ അവര്‍ ആഗ്രഹിക്കുകയും, ചില ശ്രമം വിവിധ ഘട്ടങ്ങളിൽ ഉണ്ടായിട്ടുമുണ്ട്. അതിനോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ഇവിടെയുണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തിൽ ഉയര്‍ന്നുവരാതിരിക്കാൻ കാരണം. മതനിരപേക്ഷതയുടെ വിളനിലമായി കേരളത്തെ നിലനിര്‍ത്തിയതും ഇതാണ്.

നമ്മുടെ സമൂഹത്തിലെ മഹാ ഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടത് തുടര്‍ ഭരണം ആവശ്യമാണെന്ന നിലപാട് അവരെല്ലാം സ്വീകരിച്ചു.

നാട് വലിയ തോതിൽ സാമ്പത്തികമായി മെച്ചപ്പെട്ടതല്ല. എന്നാൽ ജീവിത നിലവാരം നോക്കിയാൽ വല്ലാതെ തകര്‍ന്നുപോയതുമല്ല. ആ ജീവിത നിലവാരം ആ രീതിയിൽ നിലനിര്‍ത്താൻ സര്‍ക്കാര്‍ വഹിച്ച പങ്കുണ്ട്. അത് ജനക്ഷേമം മുൻനിര്‍ത്തി സ്വീകരിച്ച നടപടിയാണ്. അത്തരം നടപടികളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും ദരിദ്രരായവരടക്കം സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി. ഇത് ഇടതുമുന്നണിക്കേ ചെയ്യാനാവൂ എന്നും തങ്ങള്‍ക്ക് ഇന്നത്തെ പോലെ ക്ഷേമത്തോടെ ജീവിക്കാൻ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം വേണമെന്നും സാധാരണക്കാര്‍ കരുതി.

പൊതുവെ സംസ്ഥാനത്താകെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗത്തിലും എല്ലാ കുടുംബങ്ങളിലും ഇതുണ്ടായി.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിൽ തുടര്‍ന്നാലാണ് സാമൂഹ്യനീതി ശരിയായി നടപ്പാക്കുന്ന നിലയുണ്ടാവുകയെന്നതും ജനം പൂര്‍ണമായി ഉള്‍ക്കൊണ്ടു. ഈ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു.

കേരളം മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന ഒരു സംസ്ഥാനമായിരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയായി ചിലര്‍ കരുതി. അത് തിരുത്തുന്ന നില കൂടിയാണ് ഇത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021