വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ല, എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്ന് പിണറായി

By Web TeamFirst Published Mar 23, 2021, 10:54 AM IST
Highlights

എൻഎസ്എസിന് വിമർശിക്കേണ്ട ഒന്നും സർക്കാർ ചെയ്തിട്ടില്ലെന്നാണ് പിണറായിയുടെ നിലപാട്. വസ്തുതകൾ ഇല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

ആലപ്പുഴ: വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണം എന്ന് ജനം ആഗ്രഹിക്കുന്നുവെന്നും എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും പിണറായി വിജയൻ അവകാശപ്പെടുന്നു. കോൺഗ്രസ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണെന്നും നേതാക്കൾ വലിയ രീതിയിൽ ബിജെപിയിലേക്ക് പോകുന്നുവെന്നും പറഞ്ഞ പിണറായി കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീ വിരുദ്ധത പറ‌ഞ്ഞാണെന്നും ആരോപിച്ചു. 

ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത ആരോപണങ്ങൾ ഉന്നയിച്ച് ഇറങ്ങി പോയത് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ആണെന്നും മുഖ്യമന്ത്രി ഓ‌‌ർമ്മപ്പെടുത്തി. 

എൻഎസ്എസിന് വിമർശിക്കേണ്ട ഒന്നും സർക്കാർ ചെയ്തിട്ടില്ലെന്നാണ് പിണറായിയുടെ നിലപാട്. വസ്തുതകൾ ഇല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു. എൻഎസ്എസിന്റെ നിലപാട് എല്ലാ കാലത്തും സമദൂരം ആണെന്നും ചിലപ്പോൾ ശരി ദൂരം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വിമർശനം ഉന്നയിക്കുമ്പോൾ അത് വസ്തുത വിരുദ്ധം ആണെങ്കിൽ ഏത് വിഭാഗം ആണോ  മനസ്സിലാക്കേണ്ടത് അവർ മനസിലാക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു. 

തെര‌ഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാക്കി വൈകാരികത ഉണ്ടാക്കാൻ ശ്രമം ഉണ്ടായേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് കെവിൻ എന്ന ചെറുപ്പക്കാരനെ കൊന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ എന്ന പ്രചരണം ഉണ്ടായെന്നും പരാജയ ഭീതിയിൽ അതേ പോലെ പ്രചരണങ്ങൾ വന്നേക്കാമെന്നുമാണ് പിണറായിയുടെ മുന്നറിയിപ്പ്. സംഘ പരിവാറിൻ്റെ നീക്കങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതാവസ്ഥ ഉണ്ടെന്നും ഇത് മുതലാക്കാൻ എസ്ഡിപിഐ , ജമാത്ത് ഇസ്ലാമി ഒക്കെ ശ്രമിക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ ആകില്ലെന്നും വ്യക്തമാക്കി. 

മത നിരപേക്ഷ നിലപാട് ആണ് വേണ്ടത്, എല്ലാവരും ഒന്നിച്ചു എതിർത്തു തോൽപ്പിക്കണം. ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലാത്ത അവസ്ഥയുണ്ട്, അത് പ്രശ്നം ആണ് , പ്രാദേശികമായി വോട്ട് കോൺഗ്രസിന് നൽകാൻ പോകുന്നതിൻ്റെ തെളിവ് ആണ്, പ്രത്യേക അജണ്ടകൾ നടക്കുന്നുണ്ട്. യുഡിഎഫിന് വേണ്ടി ഒത്തുകളി നടക്കുന്നുണ്ടെന്നും അത് പിന്നീട് തെളിയുമെന്നും പിണറായി പറയുന്നു. 

click me!