കായംകുളത്തെ വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമം; പോളിങ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

By Web TeamFirst Published Mar 31, 2021, 5:34 PM IST
Highlights

പോളിങ് ഉദ്യോഗസ്ഥർക്കൊപ്പം പെൻഷൻ നൽകാനും ആൾ എത്തിയത് യാദൃശ്ചികമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, പരാതിയെ തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു.

ആലപ്പുഴ: കായംകുളത്ത് തപാൽ വോട്ടിനിടെ ക്ഷേമ പെൻഷനും വിതരണം ചെയ്ത സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് റിട്ടേണിങ്ങ് ഓഫീസർ. സംഭവം യാദൃശ്ചികമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ നൽകി മടങ്ങുമ്പോഴാണ് വോട്ട് ചെയ്യിക്കാൻ എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾക്ക് ഘടകവിരുദ്ധമാണ് വരണാധികാരിയുടെ റിപ്പോർട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, പരാതിയെ തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു. 

വോട്ടിനൊപ്പം പെൻഷൻ നൽകി ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്. കായംകുളം നഗരസഭയിലെ പതിനൊന്നാം വാർഡിൽ 86 കാരി കമലാക്ഷിയമ്മയുടെ വോട്ട്  രേഖപ്പെടുത്തുന്നതിനിടയിലാണ് പെൻഷൻ വിതരണവും നടത്തിയത്. യുഡിഎഫ് നൽകിയ പരാതിയിലാണ് കായംകുളത്തിന്‍റെ ചുമതലയുള്ള വരണാധികാരി അന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. പ്രത്യേക പോളിംഗ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ല. പെൻഷൻ ന‌ൽകാനെത്തിയ ബാങ്ക് ജീവനക്കാരനും ഉദ്യോഗസ്ഥരും വീട്ടുമുറ്റത്ത് കണ്ടുമുട്ടിയത് യാദൃശ്ചികമായിട്ടാണ്. പെൻഷൻ വിതരണം നടക്കുന്ന കാര്യം അറിഞ്ഞില്ലെന്നും റിപ്പോട്ടിൽ പറയുന്നു. 

എന്നാൽ പൊലീസ് ഉദ്യോഗസ്ഥനടക്കം നടപടി ചോദ്യം ചെയ്യാത്തതിനെ കുറിച്ച് റിപ്പോർട്ട് മൗനം പാലിക്കുന്നുകയാണ്. വരണാധികാരിയുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ തെറ്റാണെന്ന് കമലാക്ഷിയമ്മയുടെ കുടുംബവും പറയുന്നു. വരണാധികാരിയുടെ റിപ്പോർട്ട് അഹാസ്യമെന്ന് കോൺഗ്രസും പ്രതികരിച്ചു. അതേസമയം, പെൻഷൻ വിതരണത്തിന് ഒപ്പം പ്രചരണം കൂടി നടത്തിയ കളക്ഷൻ ഏജൻ്റിനെ പുറത്താക്കിയതായി പെരിങ്ങാല സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, ജില്ലാ കളക്ടറെ അറിയച്ചു. വരണാധികാരിയുടെ റിപ്പോർട്ട് തുടർ നടപടിക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കളക്ടർ കൈമാറി.

അതിനിടെ, കൊല്ലം ചിതറയിൽ വോട്ട് ഉദ്യോഗസ്ഥർ തപാൽ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നു. തളർന്നു കിടക്കുന്ന വൃദ്ധയുടെ വോട്ട് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയെന്നാണ് പരാതി. വീട്ടിൽ ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്ഥരെത്തി വോട്ട് ചെയ്തെന്നാണ് ആരോപണം. ചിതറ മാങ്കോട് വാർഡിൽ അംബുജാക്ഷിയുടെ കുടുംബമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയത്. 

click me!