ഇടുക്കിയിലും കൊല്ലത്തും എൽഡിഎഫ്-യുഡിഎഫ് സംഘർഷം; നെയ്യാറ്റിൻകരയിൽ ബിജെപി-കോൺഗ്രസ്‌ സംഘർഷം

By Web TeamFirst Published Apr 4, 2021, 7:56 PM IST
Highlights

ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരസ്യ പ്രചാരണത്തിൻ്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകൻ എത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ സംഘർ‌ഷം. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരസ്യ പ്രചാരണത്തിൻ്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകൻ എത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. 

പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിടിച്ച് മാറ്റിയെങ്കിലും പരസ്യപ്രചാരണം സമാപിച്ച ശേഷം ഇരുകൂട്ടരും വീണ്ടും ചെറുതോണി ടൗണിൽ സംഘടിച്ചെത്തി ഏറ്റുമുട്ടി. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസും സുരക്ഷ സേനാംഗങ്ങളും ഇടപെട്ടാണ് സംഘർഷത്തിന് അയവ് വരുത്തിയത്. കൊല്ലം അഞ്ചൽ കരുകോണിലും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസ് ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടു. 

മാവേലിക്കര പടനിലത്തും കലാശ കൊട്ടിനിടെ സംഘർഷമുണ്ടായി. സംഘർഷത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ കെ ഷാജുവിൻ്റെ 
ഭാര്യ സീമ , കോൺഗ്രസ് നൂറനാട് തെക്ക് മണ്ഡലം പ്രസിഡൻറ് വന്ദനാ സുരേഷ് , പ്രചരണ വാഹനത്തിലെ ഡ്രൈവർ അലോഷ്യസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ നൂറനാട്ടെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.ബിജെപി പ്രവർത്തകർ പ്രചാരണം നിർത്താത്തത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതതാണ്  സംഘർഷത്തിനിടയാക്കിയത്. പരസ്യ പ്രചാരണ സമയം അവസാനിച്ചതിന് ശേഷവും ബിജെപി പ്രവർത്തകർ പ്രചാരണം തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. 

പാറശ്ശാലയിൽ എൻ ഡി എ സ്ഥാനാർത്ഥി കരമന ജയന്റെ വാഹനപര്യടനം തടഞ്ഞ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി ഉയർന്നു. മർദ്ദനമേറ്റ ബി ജെ പി പ്രവർത്തകൻ കരുണിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ്  ബിജെപിയുടെ ആരോപണം. ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ പാറശ്ശാലയിൽ  റോഡ് ഉപരോധിക്കാനൊരുങ്ങിയെങ്കിലും പൊലീസെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.

click me!