പാച്ചേനി മുതല്‍ ശിവകുമാര്‍ വരെ; കാൽക്കീഴിലെ മണ്ണ് ഒലിച്ച് പോകുന്നതറിയാതെ കോണ്‍ഗ്രസ്

By Web TeamFirst Published May 3, 2021, 1:52 PM IST
Highlights

നേതാവുള്ള മുന്നണിയെ നേരിടാൻ കൂട്ടായ നേതൃത്വമെന്ന് പറഞ്ഞപ്പോൾ തുടങ്ങിയ ആശയക്കുഴപ്പം വോട്ടെടുപ്പ് ദിനം വരെ തുടർന്നു. 

കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കരകയറാൻ കഴിയില്ലെന്നായിരുന്നു സിപിഎം പോലും പ്രതീക്ഷിച്ചിരുന്നത്. ഡി സി സി പ്രസിഡൻറ് സതീശൻ പാച്ചേനി ശുഭപ്രതീക്ഷയിലും. എന്നാൽ കടന്നപ്പള്ളിക്ക് ഗുണമായത് ജനകീയതയാണ്.  വോട്ടർമാരുടെ വീടുകളിലെ ഏത് ചടങ്ങിനും കടന്നപ്പള്ളി ഉണ്ടായിരുന്നു. കണ്ണൂർ മണ്ഡലം കോൺഗ്രസ് ശക്തികേന്ദ്രമാണെങ്കിലും താഴേത്തട്ടിൽ പ്രവർത്തിക്കാനാളില്ലായിരുന്നു. നേതാക്കളും ജനങ്ങളിൽ നിന്ന് അകന്ന് നിന്നു. അതായത് ജനകീയത കടന്നപ്പള്ളിക്ക്  ഗുണമായി. തൃത്താല സി പി എം പ്രസ്റ്റീജ് മണ്ഡലമായി കണ്ട് 5 വർഷം മുൻപ് പണി തുടങ്ങി. ഇതൊന്നും മനസിലാകാതെ വ്യക്തിഹത്യ നടത്തി മുന്നോട്ട് പോയി വി ടി ബല്‍റാം. ബി ജെ പി വോട്ടും ലക്ഷ്യം വച്ച് മത്സരിച്ച് ഈസി ജയം പ്രതീക്ഷിച്ച ബലറാമിന് എട്ടിന്‍റെ പണി രാജേഷ് കൊടുത്തു. 

വീട്ടിലെത്തുന്ന ജനങ്ങളല്ല നമ്മൾ ചെന്ന് കാണുന്നവരാണ് ഒപ്പമുണ്ടാകുകയെന്നാണ് പുതുപ്പള്ളി നൽകുന്ന പാഠം. ഒരാളല്ല പാർട്ടിയെന്നാണ്  തിരുവനന്തപുരത്ത് വി എസ് ശിവകുമാറിന്‍റെ തോൽവിയിലുടെ വിളിച്ച് പറയുന്നത്. പ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെ സ്വന്തം സാമ്രാജ്യമുണ്ടാക്കി മറ്റ് പാർട്ടികളുടെ വോട്ട് നേടി എത്രനാൾ മുന്നോട്ട് പോകാനാകും. താഴേത്തട്ടിൽ പ്രവർത്തകർ വേണമെന്നാണ് നേമം വീണ്ടും പറഞ്ഞു തരുന്നത്. ബൂത്ത് കമ്മിറ്റികൾ പോലുമില്ലാത്ത സ്ഥലത്ത് ശക്തനായാലും അടിപതറി നാണം കെടും. ഒരുമയില്ലാത്തതിന്‍റെ നേർ ചിത്രമായി ആറന്മുളയും റാന്നിയും. 
തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടുപലകയാണെന്ന് സൂചിപ്പിച്ചവരോട് അത് പ്രാദേശിക വികാരം മാത്രമെന്ന് പ്രതിരോധിച്ചവർക്കും ഇപ്പോൾ അടിപതറി. 

ബൂത്തില്ലെങ്കിൽ അടിസ്ഥാനമില്ലെങ്കിൽ മേൽക്കുരയ്ക്കെന്ത് പ്രാധാന്യം. വാർത്താ സമ്മേളനങ്ങൾ നടത്തി ആരോപണം ഉന്നയിച്ചാൽ പോരാ അത് ഏറ്റെടുപ്പിക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയണം. നിർജീവമായ ഡിസിസി  പുനസംഘടിപ്പിക്കാൻ പോലും ഭയന്ന നേതൃത്വമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിച്ചെന്ന് പരിതപിക്കുന്നത്. 
പ്രവർത്തരുമായും ജനങ്ങളുമായും ബന്ധമുണ്ടെങ്കിൽ ജയിക്കാമെന്ന ഉദാഹരണങ്ങളാണ് കരുനാഗപ്പള്ളിയും കോവളവും.  തോറ്റിട്ടും സി ആർ മഹേഷ് 5 വർഷവും ജനങ്ങളുടെ ഇടയിലുണ്ടായിരുന്നു. വിൻസന്‍റും പാർട്ടി സംവിധാനം ശക്തമാക്കി കോവളത്തെ ഒപ്പം നിർത്തി.

 രാഹുൽ പ്രിയങ്ക കരിഷ്മയിൽ ഒടുവിൽ ജയിച്ച് കയറാമെന്ന് വിചാരിച്ചാൽ കോൺഗ്രസേ ഇങ്ങനെ ഇരിക്കും ഇനി നമുക്ക് ചായ കുടിച്ച് ഭരണ വിരുദ്ധ വികാരത്തിനും നെഹ്റു കുടുംബാംഗങ്ങളുടെ പ്രചാരണത്തിനും മാത്രമായി കാത്തിരിക്കാം. നേതാവുള്ള മുന്നണിയെ നേരിടാൻ കൂട്ടായ നേതൃത്വമെന്ന് പറഞ്ഞപ്പോൾ തുടങ്ങിയ ആശയക്കുഴപ്പം വോട്ടെടുപ്പ് ദിനം വരെ തുടർന്നു. പണിയൊന്നും എടുക്കാതെ ജയിച്ച് കയറിയ പഴയ നാളുകളുടെ ഓർമ്മ അയവിറക്കി ഇരുന്നോളൂ. കാൽക്കീഴിലെ മണ്ണ് ഒലിച്ച് പോകുന്നതറിയാതെ.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!