സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗം ഇന്ന്; ചെന്നിത്തലക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ ആശയക്കുഴപ്പം

By Web TeamFirst Published Mar 7, 2021, 6:59 AM IST
Highlights

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാർത്ഥി വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ആലപ്പുഴ: ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ എതിർപ്പ് പരിഹരിച്ച് ചേർത്തലയിലും സ്ഥാനാർത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മികച്ച സ്ഥാനാർത്ഥി വരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിന്‍റെ പേര് സജീവമായി നേതൃത്വം പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം താൽപര്യം അറിയിച്ചിട്ടില്ല. ജില്ലാ അസി. സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ പഞ്ചായത്തംഗം എ ശോഭ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്. ചേർത്തലയിൽ മന്ത്രി പി തിലോത്തമനെ മാറ്റിയതിന്‍റെ അതൃപ്തി വെള്ളാപ്പള്ളി നടേശൻ പരസ്യമാക്കിയിരുന്നു.

എസ്എൻഡിപി വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ വെള്ളാപ്പള്ളി നടേശന്‍റെ കൂടി താൽപര്യം പരിഗണിച്ചാകും സ്ഥാനാർത്ഥി നിർണയം. എഐവൈഎഫ് നേതാവ് ടി ടി ജിസ്മോന്‍റെ പേരിനാണ് മുൻതൂക്കം. എന്നാ‌ൽ ജില്ലാ അസി. സെക്രട്ടറി കൃഷ്ണപ്രസാദിനെ ചേർത്തലയിൽ പരിഗണിക്കണമെന്നും ആവശ്യം ശക്തമാണ്. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവും കൗൺസിലും ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങളിലേക്ക് ഒന്നിലധികം പേരുകൾ ഉൾപ്പെടുത്തിയ പട്ടിക സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

click me!