പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന് സിപിഐ ജില്ലാ എക്സിക്യൂട്ടീവിൻ്റെ ശാസന; സാധ്യത പട്ടികയിൽ ഉൾപ്പെടുത്തി

By Web TeamFirst Published Mar 7, 2021, 2:42 PM IST
Highlights

മുഹ്സിൻ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയായി. 

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് സിപിഐയുടെ ശാസന. മുഹ്സിൻ പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും ഈ തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ നിർദ്ദേശം. ശാസനയ്ക്ക് പിന്നാലെ മുഹ്സിനെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി. 

മുഹ്സിൻ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം മുഹ്സിനെതിരെ വിർമശനവുമായി രംഗത്തെത്തിയിരുന്നു. മുഹ്സീന് പകരം ജില്ലാ എക്സിക്യൂട്ടീവ് ഒ കെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ നിർദ്ദേശം.

പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയും ജില്ലാ എക്സിക്യൂട്ടീവ് തയ്യാറാക്കി. പട്ടാമ്പിയിൽ മുഹ്സീനൊപ്പം ഒ കെ സെയ്ദലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യത പട്ടികയിലുണ്ട്. മണ്ണാർകാടേക്ക് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠൻ പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് കബീർ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. തന്നെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എക്സിക്യുട്ടീവിൽ പറഞ്ഞു

കോട്ടയം വൈക്കത്ത് സി കെ ആശയായിരിക്കും സിപിഐയുടെ സ്ഥാനാർത്ഥി. ആശയുടെ പേര് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന സമിതിക്ക് നിർദ്ദേശിച്ചു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി വേണമെന്ന് ജില്ലാ എക്സിക്യൂട്ടീവിൽ ആവശ്യമുയർന്നു.
 

click me!