
ദില്ലി: കേരളത്തിൽ അധികാര തുടർച്ച ഉണ്ടാവും എന്ന പ്രതീക്ഷയിൽ സിപിഎം ദേശീയ നേതൃത്വം. നിലവിലെ സാഹചര്യത്തിൽ 85 സീറ്റുകൾ വരെ നേടി ഇടതുസർക്കാർ അധികാരം നിലനിർത്തും എന്നാണ് സിപിഎം ദേശീയ നേതൃത്വത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം നൂറ് കടക്കുമെന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു. സമാന വികാരമാണ് മറ്റ് ഇടതു പാർട്ടികളുടെ കേന്ദ്ര നേതാക്കളും കരുതുന്നത്.
മുഖ്യമന്ത്രിയുടെ യോഗങ്ങൾക്കെല്ലാം വലിയ ആൾക്കൂട്ടമെത്തി എന്നത് ഭരണവിരുദ്ധവികാരമില്ല എന്നതിൻ്റെ പ്രകടമായ സൂചനയായി സിപിഎം കേന്ദ്രനേതൃത്വം കരുതുന്നു. ആളുകളെ സംഘടിപ്പിക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചെന്നും ഭരണവിരുദ്ധ വികാരമുണ്ടാക്കാനുള്ള പ്രതിപക്ഷ നീക്കം പരാജയപ്പെട്ടെന്നും ദേശീയ നേതൃത്വം കരുതുന്നു.
രാജ്യത്ത് നിലവിൽ ഇടതുപക്ഷം അധികാരത്തിലുള്ള ഒരേഒരു സംസ്ഥാനം കേരളമാണ്. പശ്ചിമബംഗാളിൽ ഭരണം നഷ്ടമായ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ അവിടെ അത്ഭുതകരമായ തിരിച്ചു വരവ് നടത്താമെന്ന ആഗ്രഹം പൂവണിയില്ലെന്ന് തിരിച്ചറിയുന്നുണ്ട്. ത്രിപുരയിൽ അധികാരം തിരിച്ചു പിടിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും കാത്തിരിക്കണം. ഈ സാഹചര്യത്തിൽ കേരളം പോലൊരു സംസ്ഥാനത്ത് അധികാരത്തിൽ തുടരാൻ സാധിച്ചാൽ അതു വലിയ നേട്ടമാക്കും എന്നാണ് ഇടതുനേതാക്കളുടെ കണക്ക് കൂട്ടൽ.