'സർക്കാർ സംവിധാനത്തിന്‍റെ പരാജയം'; സ്വന്തം പേരിലെ ഇരട്ട വോട്ടിൽ പ്രതികരണവുമായി എസ്എസ് ലാൽ

By Web TeamFirst Published Mar 27, 2021, 10:44 AM IST
Highlights

28 വർഷം പഴക്കമുള്ള തിരിച്ചറിയൽ രേഖ പുതുക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പുതിയ കാർഡ് കിട്ടിയത്. പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാതിരുന്നതാണ് കാരണം

തിരുവനന്തപുരം: സ്വന്തം പേരിൽ ഇരട്ട വോട്ടെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്എസ് ലാൽ. ഇരട്ട വോട്ട് ഉണ്ടായത് സര്‍ക്കാര്‍ സംവിധാനത്തിന്‍റെ പരാജയം കൊണ്ടാണെന്നാണ് എസ്എസ് ലാൽ വിശദീകരിക്കുന്നത്. 28 വർഷം പഴക്കമുള്ള തിരിച്ചറിയൽ രേഖ പുതുക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പുതിയ കാർഡ് കിട്ടിയത്. പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാതിരുന്നതാണ് കാരണം. പഴയ കാർഡ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഡോ. എസ്എസ് ലാൽ പറഞ്ഞു 

ഇതുസംബന്ധിച്ച് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ്

തന്റെ പേരിൽ ഇരട്ടവോട്ട് എന്ന വാദം തെറ്റാണെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ.  വോട്ട് ഇരട്ടിപ്പല്ലെന്നും സർക്കാർ സംവിധാനത്തിലെ പരാജയമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.

 കൈവശമുണ്ടായിരുന്നത് 28 വർഷം പഴക്കമുള്ള തിരിച്ചറിയിൽ കാർഡ് ആയിരുന്നു. അതിലെ ഫോട്ടോ ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. പ്രായവും 50 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതുമായി  ഇപ്പോൾ വോട്ട് രേഖപ്പെടുത്താൻ ആകില്ല. അതിനാൽ തിരിച്ചറിയൽ കാർഡ് പുതുക്കി ഫോട്ടോ ഉൾപ്പെടെ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് അക്ഷയ സെന്റർ വഴി അപേക്ഷ നൽകി. അതിന്റെ അടിസ്ഥാനത്തിൽ പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുകയും ചെയ്തു.

എന്നാൽ പുതിയ കാർഡ് തന്ന  സമയത്ത് പഴയ കാർഡിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യാത്തതാണ് ഇപ്പോഴുള്ള ആരോപണങ്ങൾക്ക് കാരണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പഴയ കാർഡ് റദ്ദാക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ സിപിഎമ്മിന്റെ ഇരട്ടവോട്ടിനെതിരെ കോൺഗ്രസും, താനും ഉന്നയിച്ച പരാതിയിൽ  ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.   ഒരേ മുഖമുള്ളവരെയാണ് അവർ  പല മണ്ഡലങ്ങളിൽ പല പേരിൽ വോട്ടറായി ചേർത്തിരിക്കുന്നത്.  അതിനെതിരെ നൽകിയ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്.  ഒരു ബൂത്തിൽ തന്നെ ഉണ്ടായ ഇരട്ടിപ്പ് എങ്ങനെയാണെന്ന് കൃത്യമായി മനസിലാകും.  ഇത്തരത്തിലുള്ള തെറ്റായ വാദം നിരത്തി  തടിയൂരാനാണ് സിപിഎം ശ്രമിക്കുന്നതെന്നും  ഡോ. ലാൽ പറഞ്ഞു

click me!