'സ്വന്തം ഷൂ വൃത്തിയാക്കാന്‍ പോലും ആവശ്യപ്പെടുന്നു'; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഗുരുതര പരാതി

Published : Apr 02, 2021, 10:55 AM ISTUpdated : Apr 03, 2021, 08:24 AM IST
'സ്വന്തം ഷൂ വൃത്തിയാക്കാന്‍ പോലും ആവശ്യപ്പെടുന്നു'; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഗുരുതര പരാതി

Synopsis

  മീറ്റിങ്ങിനിടെ ദേവികുളം ആര്‍ഡിഒയെ ജെല്‍ പെന്‍ വാങ്ങിക്കാനായി പറഞ്ഞ് വിടുക, തന്‍റെ ഷൂ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വൃത്തിയാക്കുക എന്നീ പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിക്കുക. ചെയ്തില്ലെങ്കില്‍ കടുത്ത ഭാഷയില്‍ ഹരാസ് ചെയുക എന്നിവയാണ് ബന്‍സാലിയുടെ പ്രവര്‍ത്തികളെന്ന് ഉദ്യോഗസ്ഥര്‍ അക്കമിട്ട് നിരത്തുന്നു. 

 

ഇടുക്കി:  മൂന്നാർ. ദേവികുളം, ഉടുമ്പൻചോല നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് എക്സ്പെൻറിച്ചർ ഒബ്സർവർ ആയ നരേഷ് കുമാർ ബൻസാലിനെതിരെ പരാതിയുമായി ഒരു കൂട്ടം ഉദ്യോസ്ഥർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചു. ചുമതല ഏറ്റെടുത്ത നാൾ മുതൽ ഉദ്യോഗസ്ഥരെ മാനസീകമായി പീഡിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥൻ സ്വീകരിച്ചു വരുന്നതെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ മാസം മുപ്പതാം തിയതിയാണ് പരാതി അയച്ചത്. വിവിധ വകുപ്പുകളിലെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിച്ച വിവിധ വിഭാഗങ്ങളിലെയും 42 ഓളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. 

യാതൊരുവിധ മര്യാദയും പാലിക്കാതെ, സർക്കാർ ഉദ്യോഗസ്ഥരാണെന്ന ചിന്ത പോലും ഇല്ലാതെയാണ് ഈ ഉദ്യോസ്ഥൻ ഇടപഴകുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇദ്ദേഹത്തിന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍, സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് നരേഷ് കുമാർ ബൻസാലും കുടുംബവും ആവശ്യപ്പെടുന്ന സാധനങ്ങളും ഭക്ഷണവും വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. തെരഞ്ഞെടുപ്പ് ചിത്രീകരിക്കുന്ന വീഡിയോ സംഘത്തിനായി വിട്ടുനല്‍കിയ വാഹനം ഉപയോഗിച്ച് കുടുംബസമേതം, നിയോജകമണ്ഡലം വിട്ട് തമിഴ്നാട്ടിലെ മധുരയ്ക്ക് പോകാനായി ഉപയോഗിച്ചു. ഇത് കാരണം വീഡിയോ സംഘം കാല്‍ നടയായി അവരെ ഏല്‍പ്പിച്ച ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നു തുടങ്ങുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത്. 

 

 

പരിമിതികൾക്കപ്പുറമുള്ള കാര്യങ്ങളാണ് ഈ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ചൂഷണം ചെയ്യുന്നതായും ജീവനക്കാർ ആരോപിച്ചു. സബ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് പോലും മാന്യത വിട്ടുള്ള പെരുമാറ്റമാണ് ഉണ്ടാകുന്നത്. മീറ്റിങ്ങിനിടെ ദേവികുളം ആര്‍ഡിഒയെ ജെല്‍ പെന്‍ വാങ്ങിക്കാനായി പറഞ്ഞ് വിടുക, തന്‍റെ ഷൂ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിക്കുക. ഇത്തരം ജോലികള്‍ ചെയ്തില്ലെങ്കില്‍ കടുത്ത ഭാഷയില്‍ ഹരാസ് ചെയുക എന്നിവയാണ് ബന്‍സാലിയുടെ പ്രവര്‍ത്തികളെന്ന് ഉദ്യോഗസ്ഥര്‍ അക്കമിട്ട് നിരത്തുന്നു. 

സദാ കയർത്ത് സംസാരിക്കുന്നത് മൂലം നേരായ വിധത്തിൽ ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും ഇതു മൂലം ജീവനക്കാർ കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. താമസത്തിന് സർക്കാർ ഏർപ്പെടുത്തിയ ഗവ.ഗസ്റ്റ് ഹൌസ് ഉപേക്ഷിച്ച് 'ടി കൌണ്ടി' എന്ന ചിലവേറിയ ആഡംബര റിസോട്ടിലാണ് അദ്ദേഹം താമസിക്കുന്നതെന്നും ഈയിനത്തില്‍ നരേഷ് കുമാർ ബൻസാലി സര്‍ക്കാറിന് വന്‍ ബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറകെ ഡിഇഒ , ജില്ലാ കലക്ടര്‍, ദേവികുളം, ഉടുമ്പുംചോല റിട്ടേണിങ്ങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ അയച്ചിട്ടുണ്ട്. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021