ആലപ്പുഴനഗരത്തില്‍ ഗുജറാത്തിയില്‍ വോട്ട് ചോദിച്ച് ചുമരെഴുത്ത്; കാരണം ഇതാണ്

By Web TeamFirst Published Mar 24, 2021, 4:56 PM IST
Highlights

സീ വ്യൂ വാർഡിലെ ഗുജറാത്തി സ്ട്രീറ്റിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാണിത്. ഗുജറാത്തികൾക്ക് ഒറ്റനോട്ടത്തിൽ കാര്യം പിടികിട്ടും. മലയാളികൾ തലപുകച്ചാലും കാര്യംപെട്ടെന്ന് മനസ്സിലാകില്ല. തൊട്ടടുത്ത ചുവരിൽ മലയാളത്തിൽ എഴുതിയ വരികൾ വായിച്ചാൽ കാര്യം എളുപ്പമായി. 

ആലപ്പുഴ: 'പാക്കൂച്ചേ എൽഡിഎഫ്, അൽപയാൻ സത്തക്ക് വികാസ് മാട്ടേ. എൽഡിഎഫ് ഒമിദ്വാർ ശ്രീ. പി. പി. ചിത്തരഞ്ജൻ, ആപ്നോ മത്ത് ദയ് ജിത്താവോ'- ഗുജറാത്തി ഭാഷയില്‍ ചുവരെഴുത്ത് കണ്ടാൽ ഗുജറാത്തിലാണോയെന്ന് ആദ്യമൊന്ന് സംശയിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മലയാളത്തിൽ മാത്രമല്ല, ഗുജറാത്തി ഭാഷയിലും വോട്ടുതേടിയുള്ള പ്രചാരണത്തിന്റെ ഭാഗമാണിത്. 

സീ വ്യൂ വാർഡിലെ ഗുജറാത്തി സ്ട്രീറ്റിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാണിത്. ഗുജറാത്തികൾക്ക് ഒറ്റനോട്ടത്തിൽ കാര്യം പിടികിട്ടും. മലയാളികൾ തലപുകച്ചാലും കാര്യംപെട്ടെന്ന് മനസ്സിലാകില്ല. തൊട്ടടുത്ത ചുവരിൽ മലയാളത്തിൽ എഴുതിയ വരികൾ വായിച്ചാൽ കാര്യം എളുപ്പമായി. 'ഉറപ്പാണ് എൽ. ഡി. എഫ്, ആലപ്പുഴയുടെ വികസനത്തിനുവേണ്ടി എൽ. ഡി. എഫ് സ്ഥാനാർഥി പി. പി. ചിത്തരഞ്ജന് നിങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിക്കണം' എന്നാണത്. 

ഇവിടെ മലയാളത്തിൽ പോസ്റ്ററും ചുവരെഴുത്തും നടത്തിയാൽ പണിപാളും. പതിറ്റാണ്ടുകളായി കൂട്ടത്തോടെ താമസിക്കുന്ന ജൈനരും വൈഷ്ണവരുമായി നൂറുകണക്കിന് ഗുജറാത്തി കുടുംബങ്ങളുണ്ട്. കച്ചവടം അരങ്ങുവാണിരുന്ന കാലത്ത് ഇവിടെ ആയിരത്തി അഞ്ഞൂറിലേറെ ഗുജറാത്തി കുടുംബങ്ങൾ സ്ഥിരതാമസക്കാരായി ഉണ്ടായിരുന്നു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ യു. ഡി. എഫിന്‍റെ അഡ്വ. റീഗോരാജുവും ഗുജറാത്തി ഭാഷയിൽ ചുവരെഴുതിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് രാഷ്ട്രീയക്കാർ ഇവരെ ഓർക്കുന്നത്. എന്നാലും ഇവർക്ക് പരിഭവമില്ല. വോട്ടെടുപ്പ് ദിവസം പ്രായമായവർവരെ ബൂത്തുകളിൽപോയി വോട്ട് ചെയ്യും. എന്നാൽ, ഇവരുടെ രാഷ്ട്രീയനിലപാടുകൾ എന്താണെന്ന് ആർക്കുമറിയില്ല.

click me!