കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് കസേരകളി, മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് നദ്ദ

By Web TeamFirst Published Mar 27, 2021, 12:33 PM IST
Highlights

എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാർ കേസും ഇതിന് ഉദാഹരണമാണ്.

കണ്ണൂര്‍: യുഡിഎഫ്-എൽഡിഎഫ് സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിച്ച് കണ്ണൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് കസേരകളിയാണ് ഇതുവരെ നടന്നതെന്നും ഇരുമുന്നണികളും  ഇതുവരെ അഴിമതിയാണ് നടത്തിയതെന്നും നദ്ദ ആരോപിച്ചു. 

തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ സിപിഎമ്മും കോൺഗ്രസും കൂട്ടുകെട്ടിലാണ്. എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാർ കേസും ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നത്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജൻസിയെ വരുത്തിയത്. അവസാനം സ്വന്തം മന്ത്രിമാർ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തെ എതിർക്കുകയാണെന്നും നദ്ദ ആരോപിച്ചു. 

കേന്ദ്രത്തിന്റ പദ്ധതികളിലൂടെയാണ് കേരളത്തിൽ വലിയ വികസനം എത്തുന്നതെന്ന് പറഞ്ഞ നദ്ദ, മെട്രോയ്ക്കും പാചകവാതക പൈപ്പ് ലൈനിനും പണം അനുവദിച്ചത് കേന്ദ്രമാണെന്നും പ്രതികരിച്ചു. പുറ്റിങ്ങൽ അപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയെത്തി. പക്ഷെ, മൻമോഹൻ സിംഗിന്റെ കാലത്ത് കേരളത്തെ തിരിഞ്ഞു നോക്കിയില്ലെന്നും നദ്ദ കുറ്റപ്പെടുത്തി.  

click me!