നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട് എ ഗ്രൂപ്പ്; നയിച്ചവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന് കെ സി ജോസഫ്

By Web TeamFirst Published May 4, 2021, 9:16 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.

കോട്ടയം: കോൺഗ്രസിൽ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട് എ ഗ്രൂപ്പ്. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന് കെ സി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട കെ സി ജോസഫ്. നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും തുറന്നടിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നായിരുന്നു ആര്യാടൻ്റെ പ്രതികരണം.

ഇത്ര വലിയ പരാജയം എങ്ങനെയുണ്ടായെന്ന് പരിശോധിക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച്  ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേർത്തു.

click me!