
ആലപ്പുഴ: ശബരിമല വിഷയത്തിലെ എൻ എസ് എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. താനും എൻ എസ് എസും തമ്മിലുള്ള സൗഹൃദത്തിന് കുറവില്ല. താൻ സത്യം പറയുന്നത് കൊണ്ടാകും എൻ എസ് എസ് ചിലപ്പോൾ എതിർക്കുന്നത്. ശബരിമലയെക്കുറിച്ചുള്ള എൻ എസ് എസ് പ്രസ്താവനയിൽ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരും. എൻ എസ് എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് നിങ്ങൾ വിലയിരുത്തൂ. സംസ്ഥാന സർക്കാരിന് ശബരിമല വിഷയത്തിൽ നിലപാടുണ്ട്, അത് എല്ലാ ദിവസവും പറയേണ്ടതില്ല. എന്നു മുതലാണ് സർവേകളെ എതിർത്തു തുടങ്ങിയതെന്ന് പ്രതിപക്ഷത്തോട് ചോദിച്ച കാനം, സർവേ ഫലം അനുകൂലമാകുമ്പോൾ കൊള്ളാമെന്നും എതിരാകുമ്പോൾ മോശമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്നും പറഞ്ഞു.