ഇനി 'റെഡ് റോസ്'; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിൽ, സ്വാഗതം ചെയ്ത് പികെ ശ്രീമതി

By Web TeamFirst Published Mar 22, 2021, 2:39 PM IST
Highlights

റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ എംഎ ബേബി വ്യക്തമാക്കിയിരുന്നു

ബത്തേരി: കോൺഗ്രസിൽ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്. ഇവരുടെ ബത്തേരിയിലെ വീട്ടിലെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്. മധുരം നൽകിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കൽപ്പറ്റിയിലെ ഇടത് സ്ഥാനാർത്ഥി എംവി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ എംഎ ബേബി വ്യക്തമാക്കിയിരുന്നു.

കൽപ്പറ്റ സീറ്റ് തർക്കത്തെ തുടർന്നാണ് കെസി റോസക്കുട്ടി രാജിവെച്ചത്. സമീപ കാലങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വിമർശനം.

വാർത്താ സമ്മേളനത്തിൽ റോസക്കുട്ടി പറഞ്ഞത്

കോൺഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാൻ സാധിക്കുന്നില്ല. ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയേണ്ടി വന്നു. വയനാട് ജില്ലയിൽ ഹൈക്കമാൻഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നു. മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ല.

വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ല. വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ട്. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിൻ്റെ സ്ഥാനാർത്ഥിത്വം. കെ സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്.

കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാൾക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണ്. താൻ രാജി തീരുമാനത്തിന് മുമ്പ് ലതിക സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും റോസക്കുട്ടി വെളിപ്പെടുത്തി. വയനാട്ടിൽ നിന്ന് ഒരാൾക്ക് കൽപ്പറ്റയിൽ മത്സരിക്കാൻ കൊടുത്തിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് റോസക്കുട്ടിയുടെ നിലപാട്. 

click me!