കേന്ദ്ര ഏജൻസികളുടെ അന്വേഷണം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയെന്ന് കെ സി വേണുഗോപാൽ

By Web TeamFirst Published Mar 7, 2021, 11:15 AM IST
Highlights

കേരളത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ ലക്ഷ്യമാണ് അത് കോൺഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തുകയെന്നതാണ്,  ഇതിന് വേണ്ടിയുള്ള നീക്കങ്ങളാണ് ഇരു പക്ഷവും നടത്തുന്നതെന്ന് കെ സി വേണുഗോപാൽ ആരോപിക്കുന്നു.

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർക്കടത്ത് അന്വേഷണങ്ങളിൽ സിപിഎം ബിജെപി ഒത്തുകളിയാണ് നടക്കുന്നത് എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധി കെ സി വേണുഗോപാൽ. ഇരുപക്ഷവും തമ്മിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കേരളത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ ലക്ഷ്യമാണ് അത് കോൺഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തുകയെന്നതാണ്, ഇതാണ് കേരളത്തിലെ ടാർജറ്റ്. ഇതിന് വേണ്ടിയുള്ള നീക്കങ്ങളാണ് ഇരു പക്ഷവും നടത്തുന്നതെന്ന് കെ സി വേണുഗോപാൽ ആരോപിക്കുന്നു. ഇപ്പോൾ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം കണ്ണിൽ പൊടിയിടാനുള്ള ബിജെപിയുടെ നാടകമാണെന്നാണ് കോൺഗ്രസിന് നേതാവിന്റെ ആക്ഷേപം. ഇതെല്ലാവർക്കും മനസിലാകുമെന്നും വേണുഗോപാൽ പറയുന്നു. 

ഇത്രയും സമയം ഒന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അന്വേഷണവുമായി രംഗത്തെത്തുന്നതും അതേ സമയം കാര്യമായ മേഖലകളിലേക്ക് അന്വേഷണം കടക്കാതിരിക്കുകയും ചെയ്യുന്നത് ഒത്ത് കളിയാണെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് സമയത്ത് വരുന്ന അന്വേഷണം കേന്ദ്രത്തിന്റെ പീഡനമാണെന്ന മറുവാദം സിപിഎമ്മിന് ഉന്നയിക്കാൻ അവസരമൊരുക്കുകയാണെന്നും ഇതിന്റെ അർത്ഥം രണ്ട് വിഭാഗവും തമ്മിൽ കൃത്യമായ ധാരണയുണ്ടെന്നാണെന്നും വേണുഗോപാൽ ആരോപിക്കുന്നു. 

ഇരു പക്ഷവും തമ്മിലുള്ള ഒത്തുകളി ജനം മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!