കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനം നടത്തിയാണ് സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവിട്ടത്
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ജനമാണ് യഥാർത്ഥ യജമാനന്മാർ. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിൽ എല്ലാവരുടെയും നിർദ്ദേശവും പരിഗണിച്ചാണ് പട്ടിക. സോണിയാ ഗാന്ധിയോട് ഈ സന്ദർഭത്തിൽ നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാൽ ഇവരെല്ലാം പിൻബലമാണ്. താരിഖ് അൻവർ മാസങ്ങളോളം കേരളത്തിൽ പ്രവർത്തിച്ചു. കഠിനാധ്വാനം ചെയ്യുന്ന മൂന്ന് പേരെയാണ് എഐസിസി കേരളത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാർത്തികളെ ഇപ്പോൾ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങൾ കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.