കുറ്റ്യാടി പ്രശ്ന പരിഹാരത്തിന് ചർച്ച; കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു

By Web TeamFirst Published Mar 10, 2021, 6:10 PM IST
Highlights

കുറ്റ്യാടിയിൽ കേരള കോൺഗ്രസ് എമ്മും വടകരയിൽ എൽജെഡിയും നാദാപുരത്ത് സിപിഐയും മത്സരിക്കട്ടെയെന്നായിരുന്നു ഇടതുമുന്നണി തീരുമാനം

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ച കുറ്റ്യാടിയിൽ പ്രശ്ന പരിഹാരത്തിന് ഇടതുമുന്നണിയിൽ ചർച്ചകൾ സജീവം. മണ്ഡലത്തിലെയാകെ ജനവികാരം കണക്കിലെടുത്താണ് കേരള കോൺഗ്രസ് എമ്മുമായി ചർച്ച നടക്കുകയാണ്. ഇതോടെ ഇന്ന് വൈകീട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് കേരള കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ തീരുമാനം വൈകുന്നതായാണ് വിവരം.

കുറ്റ്യാടി അങ്ങാടിയിൽ സിപിഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിശക്തമായ പ്രകടനം നടന്നു. നൂറ് കണക്കിന് സിപിഎം പ്രവർത്തകരും അനുഭാവികളും അണിനിരന്ന പ്രകടനത്തിൽ പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി മത്സരിക്കണമെന്ന വികാരമാണ് ഉയർന്നത്. പാർട്ടി അച്ചടക്കത്തിന്റെ ലംഘനത്തിന്റെ പരിധിയിൽ തന്നെ വരുന്നതാണ് പ്രതിഷേധ പ്രകടനമെന്നും എന്നാൽ പാർട്ടി സ്ഥാനാർത്ഥി വേണമെന്ന ഹൃദയവികാരം കൊണ്ട് മറ്റ് വഴികളില്ലാതെ പ്രകടനം നടത്തിയതാണെന്നും പ്രകടനത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കൾ വിശദീകരിച്ചു.

കുറ്റ്യാടിയിൽ കേരള കോൺഗ്രസ് എമ്മും വടകരയിൽ എൽജെഡിയും നാദാപുരത്ത് സിപിഐയും മത്സരിക്കട്ടെയെന്നായിരുന്നു ഇടതുമുന്നണി തീരുമാനം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് മൂന്ന് മണ്ഡലങ്ങളും. കുറ്റ്യാടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിക്ക് ഇമെയിൽ പരാതി അയച്ചിരുന്നുവെങ്കിലും അതും ഫലം കാണാതെ വന്നതോടെയാണ് മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്.

click me!