'വോട്ടിംഗ് ദിനം മാത്രമല്ല അയ്യപ്പനെ ഓർക്കേണ്ടത്'; പിണറായിക്ക് മറുപടിയുമായി തരൂര്‍

By Web TeamFirst Published Apr 6, 2021, 12:25 PM IST
Highlights

'മുഖ്യമന്ത്രിയുടേത് ആശയ ദാരിദ്ര്യം. വോട്ട് കച്ചവടം എന്ന ആക്ഷേപം വോട്ടർമാരെ അപമാനിക്കൽ. സിപിഎമ്മിന്‍റെ വോട്ടും ഇപ്പോൾ യുഡിഎഫിന് കിട്ടും'- ഏഷ്യാനെറ്റ് ന്യൂസിനോട് തരൂര്‍. 

തിരുവനന്തപുരം: നിയമസഭാ വോട്ടിംഗ് ദിനം ശബരിമല പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ശശി തരൂര്‍ എംപി. 'ഞങ്ങൾക്ക് അയ്യപ്പനെ എല്ലാ ദിവസും ഓർമ്മയുണ്ടായിരുന്നു. വോട്ടിംഗ് ദിനമല്ല ഓർക്കേണ്ടത്. മുഖ്യമന്ത്രിയുടേത് ആശയ ദാരിദ്ര്യം. വോട്ട് കച്ചവടം എന്ന ആക്ഷേപം വോട്ടർമാരെ അപമാനിക്കലാണ്. സിപിഎമ്മിന്‍റെ വോട്ടും ഇപ്പോൾ യുഡിഎഫിന് കിട്ടും' എന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കും എന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ചത് നിർത്തിയത് ഈ സർക്കാരാണ്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളും എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ജി.സുകുമാരൻ നായർ രാവിലെ വോട്ട് ചെയ്ത ശേഷം പറഞ്ഞിരുന്നു. 

സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പം: മുഖ്യമന്ത്രി

click me!