തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളത്തിലെ ആർഎസ്എസ് തലപ്പത്ത് മാറ്റം

By Web TeamFirst Published Mar 21, 2021, 9:54 AM IST
Highlights

കഴിഞ്ഞ ദിവസം ബംഗളുരുവിൽ സമാപിച്ച അഖില ഭാരതീയ പ്രതിനിധി സഭയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയുന്ന ഗോപാലൻകുട്ടി മാസ്റ്റർ സംഘടനയുടെ സംസ്ഥാനസമിതി അംഗമായി തുടരും.

ബെംഗളുരു: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്എസ്സിന്‍റെ കേരളഘടകത്തിന്‍റെ തലപ്പത്ത് മാറ്റം. പി. ഗോപാലൻകുട്ടിക്ക് പകരം കേരളത്തിലെ പ്രാന്തകാര്യവാഹായി പി എൻ ഈശ്വരനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ഗോപാലൻകുട്ടി മാസ്റ്റർ സംഘടനയുടെ സംസ്ഥാനസമിതി അംഗമായി തുടരും. കഴിഞ്ഞ ദിവസം ബംഗളുരുവിൽ സമാപിച്ച അഖില ഭാരതീയ പ്രതിനിധി സഭയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്.

ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കം പങ്കെടുത്ത ആർഎസ്എസ്- സിപിഎം സമാധാന, സമവായചർച്ചയിൽ ആർഎസ്എസ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേരളഘടകത്തിന്‍റെ ചുമതലയുള്ള ഭാരവാഹിയാണ് പി. ഗോപാലൻകുട്ടി. ഗോപാലൻകുട്ടിക്ക് പ്രാന്ത-ഗതി വിഗതി വിഭാഗിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ചുമതലയിൽ എം രാധാകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.  

അതേസമയം, സർകാര്യവാഹായി (ജനറൽ സെക്രട്ടറി) കർണാടകയിലെ ശിവമൊഗ്ഗയിൽ നിന്നുള്ള ദത്താത്രേയ ഹോസബലെ തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് ജോഷി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണിത്. അറുപത്തിയഞ്ചുകാരനായ ദത്താത്രേയ ഹോസബലെ 2009 മുതൽ സഹസർകാര്യവാഹാണ്. ബിജെപി ജനറൽ സെക്രട്ടറിയായി നിയോഗിച്ച രാം മാധവിനെ ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവിലേക്ക് തിരിച്ചെത്തിച്ചിട്ടുമുണ്ട്. 

click me!