കഴക്കൂട്ടത്ത് 'വിശ്വാസപ്പോര്', ക്ഷേത്രങ്ങൾക്ക് നൽകിയ തുക എണ്ണിപ്പറഞ്ഞ് സിപിഎം

By Web TeamFirst Published Apr 5, 2021, 12:50 PM IST
Highlights

ബിജെപിയെ നേരിടാൻ കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കിയാണ് കടകംപള്ളി രംഗത്തെത്തുന്നത്. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലും ക്ഷേത്രങ്ങൾക്കായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് പ്രചാരണം. 

തിരുവനന്തപുരം: കഴക്കൂട്ടത്ത് അവസാനദിവസം പോരാട്ടം ഇഞ്ചോടിഞ്ച് നിൽക്കുമ്പോൾ, ബിജെപിയെ നേരിടാൻ കച്ചകെട്ടി അവസാന തുറുപ്പുചീട്ടും പുറത്തെടുത്ത് മന്ത്രിയും സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കിയാണ് കടകംപള്ളി രംഗത്തെത്തുന്നത്. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലും ക്ഷേത്രങ്ങൾക്കായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് പ്രചാരണം. ഇതിനായി പ്രത്യേകം സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. 

യഥാർത്ഥ വിശ്വാസസംരക്ഷകരാര് എന്ന ചോദ്യവുമായാണ് പോസ്റ്ററുകൾ. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടാൻ ചില കണക്കുകൾ പ്രസിദ്ധീകരിക്കുന്നുവെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. യുഡിഎഫ് സർക്കാർ ശബരിമലയ്ക്കായി അനുവദിച്ച തുകയും എൽഡിഎഫ് സർക്കാർ അനുവദിച്ച തുകയും പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാനമണ്ഡപം ശബരിമല സന്നിധാനത്താണെന്നും പോസ്റ്ററിൽ പറയുന്നു.

അതേസമയം, കഴക്കൂട്ടം മണ്ഡലത്തിൽ ക്ഷേത്രങ്ങൾക്കായി മാത്രം നീക്കിവച്ച തുകയും സിപിഎം ക്യാമ്പ് പോസ്റ്ററുകളായി ഇറക്കിയിട്ടുണ്ട്. കഴക്കൂട്ടത്തെ പത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുകയും പുതുകുന്ന് സിഎസ്ഐ പള്ളിക്കും ആഹ്ലാദപുരം ജുമാ മസ്ജിദിനും ചെലവഴിച്ച തുകയും പോസ്റ്ററുകളിൽ ഉണ്ട്. 

എന്നാലിത് കടകംപള്ളിയുടെ പൂഴിക്കടകനാണെന്നാണ് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറയുന്നത്. ക്ഷേത്രങ്ങൾക്ക് പണം വിനിയോഗിച്ചത് കേന്ദ്ര സർക്കാരിൻ്റെ പ്രസാദം പദ്ധതി പ്രകാരമാണ്. ഇപ്പോൾ ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക നൽകാനാണ് തന്നെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ശോഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിച്ച് തന്നെ പ്രസംഗിച്ചിരുന്നു. വിശ്വാസികളെ അടിച്ചോടിച്ച ദേവസ്വം മന്ത്രിയാണ് ഇവിടെ വോട്ട് തേടുന്നതെന്നും, ആ മന്ത്രിക്ക് വോട്ട് നൽകരുതെന്നുമായിരുന്നു കടകംപള്ളിക്കെതിരെ മോദിയുടെ പ്രസംഗം. ഇതിനോട് കരുതലോടെ മാത്രം പ്രതികരിച്ച കടകംപള്ളി സുരേന്ദ്രൻ, മോദിക്ക് മറുപടി പറയാൻ താനാളായിട്ടില്ലെന്നാണ് കരുതുന്നത് എന്ന് മാത്രമാണ് പറഞ്ഞത്. 

അവസാനത്തെ അടിയൊഴുക്കുകളിൽ കഴക്കൂട്ടം ആരെ തുണയ്ക്കും? നാളെ ജനം വിധിയെഴുതും? ഫലമറിയാം മെയ് 2-ന്.

click me!