'മത്സരിക്കുന്നത് ജയിക്കാൻ', കാനത്തിന് മറുപടിയുമായി ജോസ് കെ മാണി, പട്ടിക നാളെ

By Web TeamFirst Published Mar 9, 2021, 7:08 PM IST
Highlights

സീറ്റ് നേടിയെടുക്കലല്ല, വിജയിച്ച് വരുന്നതാണ് ശക്തിയെന്നാണ് കേരളാ കോൺഗ്രസ് എമ്മിനെ ലക്ഷ്യമിട്ട് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. ഇത്തവണ ഇടതിലെത്തിയ ജോസ് എല്ലാവരെയും ഞെട്ടിച്ച് നേടിയത് 13 സീറ്റാണ്.

കോട്ടയം: കേരളാ കോൺഗ്രസ് (മാണി)-യുടെ സ്ഥാനാർത്ഥിപ്പട്ടിക നാളെ പുറത്തിറക്കും. യുവാക്കൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്ഥാനാർത്ഥിപ്പട്ടികയാണ് പുറത്തിറക്കുകയെന്ന് ജോസ് കെ മാണി വ്യക്തമാക്കി. സീറ്റ് നേടിയെടുക്കലല്ല, വിജയിച്ച് വരുന്നതാണ് ശക്തിയെന്ന് പറഞ്ഞ് കേരളാ കോൺഗ്രസ് എമ്മിനെ കുത്തിയ കാനം രാജേന്ദ്രന് അതേ നാണയത്തിൽ മറുപടിയും ജോസ് കെ മാണി നൽകി. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിത്തന്നെയാണെന്നും, ഇടതുമുന്നണിയുടെ ജയത്തിനായി മത്സരിക്കുമെന്നും ജയിക്കുമെന്നും ജോസ് കെ മാണി പറയുന്നു. 

'വളരുംതോറും പിളരും, പിളരുംതോറും വളരു'മെന്ന പറച്ചിൽ അന്വർത്ഥമാക്കിക്കൊണ്ട് പിളർന്ന കേരളാ കോൺഗ്രസുകൾ ഇരുമുന്നണിയിൽ നിന്നും ഇത്തവണ നേടിയത് 22 സീറ്റുകളാണ്. യുഡിഎഫിലായിരുന്നപ്പോൾ സംയുക്ത കേരളാ കോൺഗ്രസിന് 2016-ൽ ആകെ കിട്ടിയത് 15 സീറ്റാണ്. പിളർന്ന് ഇടതുപക്ഷത്തെത്തിയ ജോസ് കെ മാണിക്ക് 13 സീറ്റ് കിട്ടി. ജോസിന് അത്ര കിട്ടിയെങ്കിൽ തനിക്ക് പത്തെങ്കിലും വേണമെന്ന് പറഞ്ഞ് ജോസഫ് പക്ഷം യുഡിഎഫിൽ വില പേശി. ഇത്തവണ ജോസഫിന് ഒമ്പത് സീറ്റ് കിട്ടുമെന്നാണ് ഒടുവിൽ കിട്ടുന്ന സൂചന. 

സിറ്റിംഗ് സീറ്റുകളായ റാന്നിയും ചാലക്കുട്ടിയും വിട്ടുകൊടുത്ത് സിപിഎം ജോസിനോട് കാട്ടിയത് വലിയ ഉദാരമനസ്‍കത തന്നെയാണ്. ഒപ്പം സിപിഎം മത്സരിച്ചിരുന്ന പെരുമ്പാവൂരും വിജയസാധ്യതയുള്ള കുറ്റ്യാടിയും എൻസിപിയുടെ പാലായും നേടി ജോസ് എല്‍ഡിഎഫില്‍ ശക്തനായി. വര്‍ഷങ്ങളായി മത്സരിച്ച് പോന്ന ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും കേരളാ കോണ്‍ഗ്രസിനായി സിപിഎമ്മെടുത്ത് കൊടുത്തപ്പോൾ കയ്യിൽ നിന്ന് പോയത് സിപിഐയ്ക്ക്. കാഞ്ഞിരപ്പള്ളിക്ക് പകരം സിപിഐ ചങ്ങനാശ്ശേരി ചോദിച്ചെങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയെ കേട്ട ഭാവം പോലുമില്ല സിപിഎമ്മിന്. ഇതിലൊക്കെയുള്ള അതൃപ്തിയാണ് കാനത്തിന്‍റെ വാക്കുകളിലൂടെ പുറത്തുവന്നത്. കോട്ടയത്ത് കാഞ്ഞിരപ്പള്ളി വിട്ടു നൽകിയപ്പോൾ മറ്റൊരു സീറ്റ് നേടാനാകാത്തതിൽ സിപിഐയിൽത്തന്നെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണുയർന്നത്. 

click me!