'മറ്റന്നാൾ ടിപിയുടെ രക്തസാക്ഷി ദിനം', ഓർത്ത് കെ കെ രമ, ഇത് ആർഎംപിയുടെ തിരിച്ചുവരവ്

By Web TeamFirst Published May 2, 2021, 8:06 PM IST
Highlights

'കരയില്ല എന്ന് ഞാനുറപ്പിച്ചതാണ്. ക്യാമറകൾക്ക് മുന്നിൽ കരയില്ല', ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിഎസ് വിശേഷിപ്പിച്ച ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ അന്ന് സിന്ധു സൂര്യകുമാറിനോട് പറഞ്ഞു. ടിപി കൊല്ലപ്പെട്ട് 13 ദിവസമേ ആയിരുന്നുള്ളൂ...

കോഴിക്കോട്: 'പിണറായി വിജയനൊപ്പം ഞാനും നിയമസഭയിലുണ്ടാകും' എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞാണ് കെ കെ രമ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ടി പി ചന്ദ്രശേഖരനെ 'കുലംകുത്തി' എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ രാഷ്ട്രീയനിലപാടോടെ എന്നും നിലയുറപ്പിച്ചു കെ കെ രമ. ടി പി കൊല്ലപ്പെട്ട് പിറ്റേന്ന് മുതൽ ഇന്ന് വരെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന ആർഎംപിയുടെ നെടുംതൂണുകളിലൊരാളായി തുടരുന്നു കെ കെ രമ. 

7491 വോട്ടുകൾക്കാണ് കെ കെ രമ വടകരയിൽ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1,36,673 വോട്ടില്‍ 65,093 വോട്ടാണ് കെ കെ രമയ്ക്ക് ലഭിച്ചത്. 57,602 വോട്ട് നേടി മനയത്ത് ചന്ദ്രന്‍ (ലോക് താന്ത്രിക് ജനതാദള്‍) രണ്ടാം സ്ഥാനത്തെത്തി. അഡ്വ. എം.രാജേഷ് കുമാര്‍ (ബി.ജെ.പി) 10,225 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്. 

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട് :

മുസ്തഫ പാലേരി (എസ്ഡിപിഐ) - 2836,
ഗംഗാധരന്‍ മടപ്പളളി (സ്വാതന്ത്രന്‍) - 187  
വെളുപ്പറമ്പത്ത് ചന്ദ്രന്‍ (സ്വാതന്ത്രന്‍) - 62,
രമ കുനിയില്‍ (സ്വാതന്ത്രന്‍) - 126
രമ ചെറിയ കയ്യില്‍ (സ്വാതന്ത്രന്‍) - 52
കെടികെ രമ പടന്നയില്‍ (സ്വാതന്ത്രന്‍)- 137
നോട്ട - 353

2012 മെയ് 4-നാണ് ടി പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റിനെ 51 വെട്ട് വെട്ടി ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു ആ കൊലപാതകമെന്ന ആരോപണം ശക്തമായി ഉയർന്നതോടെ, സംസ്ഥാനത്തെ പാർട്ടി കടുത്ത പ്രതിരോധത്തിലായി. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെക്കുറിച്ചുയർന്ന ചോദ്യങ്ങൾക്ക് മുതിർന്ന നേതാക്കൾ പോലും അറസ്റ്റിലായതോടെ പാർട്ടി നേതൃത്വത്തിന് മറുപടികളില്ലാതായി. 

മറ്റൊരു മെയ് 4-ന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കേ, ഒമ്പത് വർഷത്തിന് ശേഷം വടകരയിൽ നിന്ന് ജയിച്ചു കയറുകയാണ് രമ. ആദ്യം മത്സരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നെങ്കിലും കോൺഗ്രസിന്‍റെ സമ്മർദ്ദത്തിനൊടുവിലാണ് യുഡിഎഫിന്‍റെ പിന്തുണയോടെ കെ കെ രമ മത്സരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ ആ‌ർഎംപി നേതാവായി മാത്രം മത്സരിച്ച കെ കെ രമയ്ക്ക് ഇത്തവണ ഇവിടെ പ്രധാനപ്പെട്ട പ്രതിപക്ഷമുന്നണി പിന്തുണ നൽകി. ലോക് താന്ത്രിക് ജനതാദൾ നേതാവ് മനയത്ത് ചന്ദ്രനെന്ന ശക്തനായ സോഷ്യലിസ്റ്റ് നേതാവിനെയാണ് രമ ഇവിടെ എതിരിട്ടത്. വെല്ലുവിളി ശക്തമായിരുന്നു. പക്ഷേ, ജയിച്ചുകയറുമെന്നുറപ്പിച്ച് പറഞ്ഞു രമ. 

എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന രമയ്ക്ക് ജനങ്ങളോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല, ഒട്ടും. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമുള്ള രമ പൊരുതി. ഫാസിസത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരായ പോരാട്ടമെന്ന് പറഞ്ഞുകൊണ്ട് തന്നെ. 

വിപ്ലവത്തിന്‍റെ പേരേന്തിയ പാർട്ടി യുഡിഎഫ് പാളയത്തിൽ മത്സരിക്കുന്നതിലെ പൊരുത്തക്കേട് മുതലിങ്ങോട്ട് പല കാരണങ്ങളുന്നയിച്ച് എൽഡിഎഫ് രമയെ എതിരിട്ടു. എന്നാൽ കടുത്ത പാർട്ടി അനുയായികളായ പാർട്ടി കുടുംബത്തിൽ നിന്ന് വന്ന, അടിയുറച്ച പാർട്ടിക്കാരനായിരുന്ന മാധവൻ മാഷിന്‍റെ മൂന്ന് പെൺമക്കളിലൊരാൾക്ക് തിരികെ ചോദിക്കാൻ വ്യക്തമായ ചോദ്യങ്ങളുണ്ടായിരുന്നു. പല ചോദ്യങ്ങൾക്കും മുന്നിൽ ഇടതുപക്ഷത്തിന് ഉത്തരം മുട്ടി. 

വടകരയെന്ന സോഷ്യലിസ്റ്റ് തുരുത്ത്

സോഷ്യലിസ്റ്റ് ശക്തികേന്ദ്രമാണ് വടകര എന്നും. ആ വടകരയെ ഇന്ന് രാഷ്ട്രീയകേരളം ഓർക്കുന്നത് വള്ളിക്കാട്ടെ ആ 51 വെട്ടിന്‍റെ വേദനയോടെയാണ്. 1957-ലെ ആദ്യതെരഞ്ഞെടുപ്പിൽ സിപിഐയുടെ എം കെ കേളുവിനെ വിജയിപ്പിച്ചതൊഴിച്ചാൽ പിന്നെയങ്ങോട്ട് സോഷ്യലിസ്റ്റ് ആധിപത്യമായിരുന്നു വടകരയിൽ. ആ ചരിത്രമാണ് കെ കെ രമയെന്ന വനിത തിരുത്തുന്നത്. 

2008-ലാണ് ഒഞ്ചിയത്ത് സിപിഎമ്മിൽ നിന്ന് ഏറാമല പഞ്ചായത്ത് ഭരണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സിപിഎമ്മിൽ നിന്ന് ഒരു സംഘം വിമതർ പാ‍ർട്ടി വിട്ട് ആർഎംപി രൂപീകരിക്കുന്നത്. അന്ന് എന്തിനായിരുന്നു ആർഎംപി രൂപീകരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമായ വാക്കുകളിൽ ടി പി ചന്ദ്രശേഖരൻ വിശദീകരിച്ചിരുന്നു. അപൂർവമായ ആ അഭിമുഖം പുനഃസംപ്രേഷണം ചെയ്തത് കവർ സ്റ്റോറിയിൽ കാണാം:

'കരയില്ല എന്നുറപ്പിച്ചതാണ് ഞാൻ'

'കരയില്ല എന്ന് ഞാനുറപ്പിച്ചതാണ്. ടി വി ക്യാമറകൾക്ക് മുന്നിൽ കരയില്ല', ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിഎസ് വിശേഷിപ്പിച്ച ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമ അന്ന് സിന്ധു സൂര്യകുമാറിനോട് പറഞ്ഞു. ടിപി കൊല്ലപ്പെട്ട് 13 ദിവസമേ ആയിരുന്നുള്ളൂ.. ആ അഭിമുഖം കാണാം: 

click me!