ഇബ്രാഹിംകുഞ്ഞില്ല, പകരം മകന്‍? മുനീറും ഷാജിയും മണ്ഡലം മാറും, മജീദും ഫിറോസും ലീഗ് പട്ടികയിൽ

Published : Mar 02, 2021, 06:42 PM ISTUpdated : Mar 02, 2021, 06:59 PM IST
ഇബ്രാഹിംകുഞ്ഞില്ല, പകരം മകന്‍? മുനീറും ഷാജിയും മണ്ഡലം മാറും, മജീദും ഫിറോസും ലീഗ് പട്ടികയിൽ

Synopsis

പുതുതായി തരാമെന്ന് പറഞ്ഞ ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും വേണ്ടെന്ന് ലീഗ് യുഡിഎഫിനെ അറിയിക്കും. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിച്ചേക്കും. കെപിഎ മജീദ് മലപ്പുറത്ത് മത്സരിക്കുമോ?

കോഴിക്കോട്: കെപിഎ മജീദിനെയും പി കെ ഫിറോസിനെയും പി വി അബ്ദുൾ വഹാബിനെയും ഉൾപ്പെടുത്തി മുസ്ലിം ലീഗിന്‍റെ സ്ഥാനാർത്ഥിപ്പട്ടിക തയ്യാറായി. കളമശ്ശേരിയിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പേരില്ല എന്നതാണ് ശ്രദ്ധേയം. 12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച പാർലമെന്‍ററി ബോർഡ് യോഗത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച  ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും വേണ്ടെന്ന് ലീഗ് യുഡിഎഫിനെ അറിയിക്കും. 

പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെപിഎ മജീദ് മലപ്പുറത്തും മത്സരിക്കുമെന്നതാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഈ രണ്ടു സീറ്റുകളിലും സ്ഥാനാർത്ഥികൾ പരസ്പരം മാറാനും സാധ്യതയുണ്ട്. പി വി അബ്ദുൾ വഹാബിനെ മഞ്ചേരിയിലേക്കാണ് ലീഗ് പരിഗണിക്കുന്നത്. എന്നാൽ രാജ്യസഭാ സീറ്റിലേക്ക് മജീദിന്‍റെയും വഹാബിന്‍റെയും പേരുകൾ പരിഗണനയിലുള്ളതിനാൽ രണ്ടിൽ ഒരാളേ നിയമസഭയിലേക്ക് മത്സരിക്കൂ. കുന്ദമംഗലത്തും കോഴിക്കോട് സൗത്തിലും മുന്ന് പേരുകൾ വീതം പരിഗണിക്കുന്നുണ്ട്. 

കോഴിക്കോട് സൗത്തിലെ എംഎൽഎ ആയ എം കെ മുനീർ കൊടുവള്ളിയിലേക്ക് മാറും. കോഴിക്കോട് സൗത്തിൽ ജില്ലാ പ്രസിഡണ്ട് ഉമർ പാണ്ടികശാലയുടെ പേരാണ് പരിഗണനയിൽ. പി കെ ഫിറോസിനെ താനൂരിൽ സ്ഥാനാർത്ഥിയാക്കും. എൻ ഷംസുദ്ദീനെ തിരൂരിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മണ്ണാർക്കാട് തന്നെ നിലനിർത്തണമെന്ന ആവശ്യവും ഉണ്ട്. കുറുക്കോളി മൊയ്തീനാണ് തിരൂരിൽ പരിഗണിക്കുന്ന മറ്റൊരു സ്ഥാനാർത്ഥി. 

പാലാരിവട്ടം പാലം അഴിമതിക്കുരുക്കിൽപ്പെട്ട മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് സീറ്റില്ല. കളമശ്ശേരിയിലെ സ്ഥാനാർത്ഥിപ്പട്ടികയിൽ പകരം മകൻ പി കെ ഗഫൂറിനെ ഉൾപ്പെടുത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാണ് ഗഫൂർ. ഇവിടെ ടി എ അഹമ്മദ് കബീറും അഡ്വ. മുഹമ്മദ് ഷായും പരിഗണനയിലുണ്ട്.

കെഎം ഷാജിയെ കാസർകോട്ട് സിറ്റിംഗ് എംഎൽഎ എൻ എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നു. ചേലക്കരയിൽ മൽസരിക്കുന്ന ജയന്തി രാജൻ ആയിരിക്കും പട്ടികയിലെ ഒരേ ഒരു വനിത. മുസ്ലിം വനിതകളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് ഇകെ സുന്നികളുടെ എതിർപ്പ് കൂടി കണക്കിലെടുത്താണ്. 

പെരിന്തൽമണ്ണ എംഎൽഎ മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് കൂടി പരിഗണിക്കുന്നുണ്ട്. മങ്കടയിൽ  ഉമർ അറയ്ക്കലിന്‍റെ പേരും പരിഗണനയിലുണ്ട്. തിരുവമ്പാടിയിൽ സി കെ കാസിമിന്‍റെ പേരിനാണ് മുൻഗണന. ഒപ്പം സി പി ചെറിയ മുഹമ്മദിനെയും പരിഗണിക്കുന്നു. സിപി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, റസാഖ് മാസ്റ്റർ എന്നിവരെ കുന്ദമംഗലത്ത് പരിഗണിക്കുന്നു. നിലവിലുള്ള എംഎൽഎമാരിൽ സ്വന്തം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പുള്ളത് ഇവരാണ്: 

കുറ്റ്യാടി - പാറക്കൽ അബ്ദുള്ള
കൊണ്ടോട്ടി - ടിവി ഇബ്രാഹിം
ഏറനാട് - പികെ ബഷീർ 
കോട്ടക്കൽ - സൈനുൽ ആബിദീൻ തങ്ങൾ
വള്ളിക്കുന്ന് - ഹമീദ് 

മഞ്ചേശ്വത്ത് എകെഎം അഷറഫും കല്ലട മായിൻ ഹാജിയും പരിഗണനയിലാണ്. അഴീക്കോട് അഡ്വ. കരിം ചേലേരിയും ഗുരുവായൂരിൽ സിഎച്ച് റഷീദും മത്സരിച്ചേക്കും. തിരൂരങ്ങാടിയിൽ പിഎംഎ സലാം മൽസരിക്കും. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021