
കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര് മത്സരിക്കണമെന്ന അനിശ്ചിതത്വത്തിൽ യുഡിഎഫ് കുഴങ്ങുമ്പോൾ, പിണറായി പത്രിക സമർപ്പിച്ചു. വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലെപ്മെന്‍റ് ഓഫീസർ ബെവിൻ ജോൺ വർഗീസിന് മുന്നിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ ദേശീയകൗൺസിലംഗം സി എൻ ചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനോട് മത്സരിക്കാമോ എന്ന് യുഡിഎഫ് നേതൃത്വം ആരാഞ്ഞെങ്കിലും അദ്ദേഹം മത്സരിക്കാൻ താത്പര്യമില്ലെന്ന് പറയുകയായിരുന്നു. ഇതേത്തുടർന്ന് ആരേ ധർമടത്ത് മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വത്തിൽ കുഴങ്ങുകയാണ് യുഡിഎഫ്. രക്തസാക്ഷികുടുംബങ്ങളിൽ നിന്ന് ആരെയെങ്കിലും, പ്രത്യേകിച്ച് ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെയോ, പെരിയ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ആരെയെങ്കിലുമോ മത്സരിപ്പിക്കാമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും ആ ചർച്ചകൾ പിന്നീട് മുന്നോട്ട് പോയതുമില്ല.
2016-ൽ 56.84% വോട്ട് നേടി, മുപ്പത്തിയേഴായിരത്തോളം വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജയിച്ചത്. കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനായിരുന്നു അന്ന് പിണറായിയുടെ എതിർസ്ഥാനാർത്ഥി.