സീറ്റ് വിഭജനത്തിൽ ജോസഫുമായി ഏകദേശധാരണ, പട്ടികയുമായി മുല്ലപ്പള്ളി ദില്ലിയിൽ

By Web TeamFirst Published Mar 7, 2021, 1:17 PM IST
Highlights

എൽഡിഎഫിൽ ജോസിന് ഉറപ്പായതിനേക്കാൾ സീറ്റെണ്ണം കുറവായെങ്കിലും കോൺഗ്രസ് പ്രതീക്ഷിച്ച സീറ്റുകളടക്കം ജോസഫ് നേടിയെടുത്തു. ഏറ്റുമാനൂരാണ് ഇതിൽ പ്രധാനം. ഇതടക്കം കോട്ടയത്ത് മൂന്ന് സീറ്റ് ചേർത്ത് നിലവിൽ ആകെ 9 സീറ്റ് ജോസഫിന്. 

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ ജോസഫുമായി ഏകദേശധാരണയിലെത്തി കോൺഗ്രസ്. കോട്ടയത്ത് മൂന്ന് അടക്കം 9 സീറ്റ് നൽകി പ്രശ്നം തീർക്കാനാണ് ധാരണ. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയുമായി കെപിസിസി അധ്യക്ഷൻ ദില്ലിക്ക് തിരിച്ചു. കെപിസിസി അധ്യക്ഷൻ മത്സരിക്കുന്ന കാര്യത്തിലടക്കം ദില്ലി ചർച്ച അന്തിമതീരുമാനമെടുക്കും. 

എൽഡിഎഫിൽ ജോസിന് ഉറപ്പായതിനേക്കാൾ സീറ്റെണ്ണം കുറവായെങ്കിലും കോൺഗ്രസ് പ്രതീക്ഷിച്ച സീറ്റുകളടക്കം ജോസഫ് നേടിയെടുത്തു. ഏറ്റുമാനൂരാണ് ഇതിൽ പ്രധാനം. ഇതടക്കം കോട്ടയത്ത് മൂന്ന് സീറ്റ് ചേർത്ത് നിലവിൽ ആകെ 9 സീറ്റ് ജോസഫിന് ലഭിക്കും.

പേരാമ്പ്ര കൂടി ചോദിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് വിട്ടു കൊടുക്കാൻ തയ്യാറല്ല. ജോസിന് പത്തിൽ കൂടുൽ കിട്ടുമെന്നതിനാൽ പത്തെങ്കിലും വേണമെന്ന ആവശ്യം കൂടി ജോസഫ് ഉയർത്തുന്നുണ്ട്. ലീഗിന് അധികമായുള്ള മൂന്ന് സീറ്റിലാണ് ഇനി തീരുമാനം വരേണ്ടത്. പേരാമ്പ്ര ലീഗും ചോദിച്ചിട്ടുണ്ട്. 92-ലേറെ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ്സിന്‍റെ സ്ഥാനാർത്ഥി പട്ടിക ദില്ലി ചർച്ചക്ക് ശേഷം ഒമ്പതാം തീയതിയോ പത്താം തീയതിയോ പ്രഖ്യാപിക്കും. സാധ്യതാപട്ടികയിൽ ഒന്ന് മുതൽ അഞ്ചു പേരുകൾ വരെയുണ്ട് ഓരോ സീറ്റിലും. 

മണ്ഡലം മാറാനൊരുങ്ങുന്ന കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരുടെ സീറ്റിൽ മാറ്റമുണ്ടാകാനിടയില്ല. കെ സി ജോസഫ് കാഞ്ഞിരപ്പള്ളി നോക്കുന്നു. പ്രമുഖനേതാക്കൾ ഇറങ്ങുന്നതിലാണ് ഇനിയും വ്യക്തത വരേണ്ടത്. മുല്ലപ്പള്ളി മത്സരിച്ച് പകരം അധ്യക്ഷ ചുമതല കെ സുധാകരനെന്ന ഫോർമുലയിലടക്കം ചർച്ചകളുണ്ടാകും. മത്സരിക്കാനില്ലെന്ന് പറയുമ്പോഴും ഹൈക്കമാൻഡ് നിർബന്ധം പിടിച്ചാൽ മുല്ലപ്പള്ളി കൽപ്പറ്റയിലിറങ്ങും. 

വട്ടിയൂർക്കാവിലും നേമത്തും ഇനിയും വ്യക്തത വരാനുണ്ട്. പിസി വിഷ്ണുനാഥ്, കെ പി അനിൽകുമാർ, ജ്യോതി വിജയകുമാർ എന്നിവർ വട്ടിയൂർക്കാവിലെ സാധ്യതാ ലിസ്റ്റിലുണ്ട്. നേമത്ത് എൻ ശക്തനും വി ആർ പ്രതാപുമുണ്ടെങ്കിലും ദില്ലിയിൽ നടക്കുന്ന ചർച്ചകൾക്ക് അനുസരിച്ചിരിക്കും അന്തിമതീരുമാനം.

click me!