തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം ഭരിക്കുമോ ? നിര്‍ണ്ണായക ജനവിധി കാത്ത് തെക്കൻ കേരളം

By Web TeamFirst Published May 2, 2021, 4:23 AM IST
Highlights

തെക്കന്‍ കേരളത്തിലെ നാല് ജില്ലകളിലായി 39 മണ്ഡലങ്ങൾ. പതിനഞ്ചിടത്തെങ്കിലും ഫലം പ്രവചിക്കാനാകാത്ത വിധം ഇത്തവണ പോരാട്ടം നടക്കുന്നുണ്ട്. 

തിരുവനന്തപുരം: തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം ഭരിക്കുമോ ? കുറെ കാലമായി രാഷ്ട്രീയ കേരളത്തിന്‍റെ പതിവ് അതാണെന്നിരിക്കെ നിര്‍ണ്ണാക ജനവിധിയെ ആകാക്ഷയോടെ കാത്തിരിക്കുകയാണ് തെക്കൻ കേരളം. നാല് ജില്ലകളിലായി 39 മണ്ഡലങ്ങൾ. പതിനഞ്ചിടത്തെങ്കിലും ഫലം പ്രവചിക്കാനാകാത്ത വിധം ഇത്തവണ പോരാട്ടം നടക്കുന്നുണ്ട്. പ്രതീക്ഷകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറം ഫലം പുറത്ത് വരാനിരിക്കെ മുന്നണികൾക്ക് മൂന്നിനും നെഞ്ചിടിപ്പേറുകയാണ്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലായാണ് തെക്കൻ കേരളത്തിലെ 39 മണ്ഡലങ്ങൾ. തലസ്ഥാന ജില്ലയിൽ മാത്രം 14 മണ്ഡലങ്ങൾ. കൊല്ലത്ത് 11, പത്തംതിട്ടയിൽ അഞ്ചും ആലപ്പുഴയിൽ 9 സീറ്റുകളിൽ നിലവിലെ സിറ്റിംഗ് സീറ്റുകളിലധികവും ഇടതുമുന്നണിക്കൊപ്പമാണ്. സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നേമം കൂടി മാറ്റി നിര്‍ത്തിയാൽ യുഡിഎഫിനൊപ്പം 5 സീറ്റ് മാത്രം.  തിരുവനന്തപുരത്തെ 14 ൽ 10 ഉം പിടിച്ചാണ് 2016 ൽ ഇടതുമുന്നണി അധികാരത്തിലെത്തിയത്. 2011 ൽ തലസ്ഥാന ജില്ലയിലെ കക്ഷി നില യുഡിഎഫിന് അനുകൂലമായിരുന്നു. 9 സീറ്റിലാണ് അന്ന്  യുഡിഎഫ് ജയിച്ച്  കയറിയത്.

തിരുവനന്തപുരം നേമം കഴക്കൂട്ടം മണ്ഡലങ്ങളിലെ അതിശക്തമായ ത്രികോണ പോരാട്ടത്തിലാണ് ഇത്തവണ തലസ്ഥാന ജില്ലയുടെ ശ്രദ്ധയത്രയും. ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനം അവകാശപ്പെടുന്ന മണ്ഡലങ്ങളിൽ ജനവിധി നിര്‍ണ്ണായകവുമാണ്. സിറ്റിംഗ്  സീറ്റുകളുടെ എണ്ണം കൂട്ടാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നുണ്ടെങ്കിലും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ ജനവിധി കാത്തിരുന്നു കാണണം.   

 കഴിഞ്ഞ തവണ പതിനൊന്നിൽ പതിനൊന്ന് മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച കൊല്ലത്ത് ഇത്തവണ യുഡിഎഫും പ്രതീക്ഷ കൂട്ടുകയാണ്. അതി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന കൊല്ലം കുണ്ടറ കരുനാഗപ്പള്ളി ചവറ  മണ്ഡലങ്ങളിൽ അടക്കം ജയിച്ച് കയറാമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിനുള്ളത്.

പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പടക്കം ജയിച്ച അഞ്ച് സീറ്റും നിലവില്‍ എല്‍ഡിഎഫ് പക്ഷത്താണ്. മുന്നണി സമവാക്യം മാറിയപ്പോൾ കേരളാ കോൺഗ്രസ് എമ്മിന് സ്ഥാനാര്‍ത്ഥിത്വം കിട്ടിയ റാന്നിയിലും ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് മാറിയെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇരട്ട മത്സരത്തിന് തെരഞ്ഞെടുത്ത കോന്നിയിലും എല്ലാം ഇത്തവണ ശക്തമായ മത്സരം ആണ് നടക്കുന്നത്.

മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും സിപിഎം ടേം വ്യവസ്ഥ പാലിച്ച് മാറി നിൽക്കുന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലവും നിര്‍ണ്ണായകമാണ്. ആലപ്പുഴ അമ്പലപ്പുഴ മണ്ഡലങ്ങളിൽ അടക്കം അട്ടിമറി വിജയം നേടാൻ ഇത്തവണ കഴിയുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലമായ ഹരിപ്പാട് അടക്കം രണ്ട് സിറ്റിംഗ് സീറ്റുകൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം

click me!