പ്രതിഷേധം ഫലം കാണുന്നു; കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിൽ നിന്ന് തിരിച്ചെടുക്കാൻ നീക്കം; കോടിയേരി ചർച്ച നടത്തി

By Web TeamFirst Published Mar 14, 2021, 2:06 PM IST
Highlights

കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാൻ സിപിഎം ശ്രമം. കോടിയേരി ചർച്ച നടത്തി. തീരുമാനം വൈകിട്ടോടെ

കോഴിക്കോട്: പ്രവർത്തകരുടെ രോഷം കണക്കിലെടുത്ത് കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിൽ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാൻ സിപിഎം ശ്രമം. മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ഇന്ന് വൈകീട്ടോടെ ഈ വിഷയത്തിൽ തീരുമാനം ഉണ്ടായേക്കും. മണ്ഡലത്തിൽ കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നൽകില്ലെന്നാണ് വിവരം. പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. 

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തിൽ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. നാളെ രാവിലെ കൺവൻഷൻ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച നടത്തിയത്. 

മുഹമ്മദ് ഇക്ബാലിന് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ബോർഡ്/കോർപറേഷൻ സ്ഥാനത്തിലൊന്ന് നൽകാമെന്ന വ്യവസ്ഥയിലാണ് അനുനയ നീക്കം. തിരുവമ്പാടി സീറ്റ് പകരം കേരള കോൺഗ്രസിന് നൽകില്ല. ജില്ലാ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരാണ് പരിഗണനാ പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റികളെ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അറിയിക്കാൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്.

click me!