അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ, പ്രഖ്യാപനം ഉടൻ

By Web TeamFirst Published Mar 15, 2021, 12:05 PM IST
Highlights

സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രഖ്യാപനം ഉടനുണ്ടായേക്കും. പാ‍ര്‍ട്ടി മത്സരിക്കുന്നുവെന്നതിൽ മണ്ഡലം അത്യാഹ്ളാദത്തിലാണെന്നാണ് കുഞ്ഞമ്മദ് കുട്ടിയുടെ  പ്രതികരണം. 

കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റിൽ സിപിഎമ്മിനായി  കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രഖ്യാപനം ഉടനുണ്ടായേക്കും. പാ‍ര്‍ട്ടി മത്സരിക്കുന്നുവെന്നതിൽ മണ്ഡലം അത്യാഹ്ലാദത്തിലാണെന്നാണ് കുഞ്ഞമ്മദ് കുട്ടിയുടെ  പ്രതികരണം. 

ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശികവികാരവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് വിവരം. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. 

നേരത്തെ കേരള കോണ്‍ഗ്രസിന് നല്‍കിയ കുറ്റ്യാടി സീറ്റ് പാര്‍ട്ടി അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. പ്രദേശികമായി അണികൾക്കിടയിൽ നിന്നും ഉണ്ടായ എതി‍പ്പുകളും പ്രതിഷേധ പ്രകടനങ്ങളും അവഗണിച്ചാല്‍ സമീപ മണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ പ്രകടനത്തെയും ഇത് ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായി. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന  അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവിൽ കുഞ്ഞമ്മദ് കുട്ടിയ്ക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.  

click me!