പ്രതിഷേധം അധികാരത്തിനല്ല, സ്ത്രീകൾക്ക് വേണ്ടിയെന്ന് ലതികാ സുഭാഷ്: തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കും

By Web TeamFirst Published Mar 19, 2021, 9:16 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കാനുള്ള തൻ്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഉറച്ച വിജയ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ ലതികാ സുഭാഷ് 

ഏറ്റുമാനൂർ‍: തലമുണ്ഡനം ചെയ്തുള്ള പരസ്യപ്രതിഷേധത്തിന് ശേഷവും എ.കെ.ആൻ്റണി ഒഴികെ പ്രമുഖ കോൺ​ഗ്രസ് നേതാക്കളാരും തന്നെ വിളിച്ചില്ലെന്ന് മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കാനുള്ള തൻ്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഉറച്ച വിജയ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ ലതികാ സുഭാഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി ജോണിനോട് സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്. 

ലതികാ സുഭാഷിൻ്റെ വാക്കുകൾ - 

സ്വതന്ത്രസ്ഥാനാ‍ർത്ഥിയായി മത്സരിക്കാനുള്ള തീരുമാനവുമായി ഞാൻ മുന്നോട്ട് പോകുകയാണ്. എ.കെ.ആൻ്റണി എന്നെ വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ട കേരളത്തിലെ മൂന്ന് കോൺ​ഗ്രസ് നേതാക്കളും എന്നെ വിളിച്ചില്ല. എനിക്ക് സീറ്റില്ല എന്നു വിളിച്ചു പറയാനുള്ള മര്യാദ പോലും കാണിക്കാത്തവരാണ് അവർ. ലതികേ.. ലതികയ്ക്ക് സീറ്റില്ല, ലതിക മത്സരരം​ഗത്ത് നിന്നും മാറി നിൽക്കണം എന്നൊന്നു പറഞ്ഞൂടെ അവ‍ർ ആ മര്യാദയോ താത്പര്യമോ പോലും അവ‍ർ കാണിച്ചില്ല. 

പണ്ട് അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ട പ്രകാരമാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെതിരെ മലമ്പുഴയിൽ പോയി മത്സരിച്ചത്. അന്ന് വയറുനിറയെ അപവാദവും കേട്ടാണ് തിരികെ വന്നത്. അന്നുണ്ടായ ചീത്തപ്പേര് ഇന്നും പിന്തുടരുകയാണ്. ഇൻ്റർനെറ്റിൽ സെർച്ച് ചെയ്താൽ ഇപ്പോഴും കാണാം അതൊക്കെ. അത്തരം ഒരുപാട് അനുഭവങ്ങളുണ്ടായിരുന്നു. വിഎസ് തന്ന പ്രശസ്തിയും ഒരു പിടി നൊമ്പരങ്ങളും എന്ന പേരിൽ കഥ പോലെ ജീവിതം എന്ന ആത്മകഥയിൽ അതൊക്കെ എഴുതിയിട്ടുണ്ട്. എന്നെ ഒരു അധികാരമോഹിയായി ചിത്രീകരിക്കുകയായിരുന്നു വി.എസ്. 

ഈ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലുമായി മുപ്പത് സ്ത്രീകൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല. ഇപ്രാവശ്യം സീറ്റ് കിട്ടിയില്ലെങ്കിൽ പ്രതിഷേധമുണ്ടാവുമെന്ന് എ.കെ.ആൻ്റണിയോടും മുല്ലപ്പള്ളിയോടും പറഞ്ഞിരുന്നു. മുല്ലപ്പള്ളിയോട് പറഞ്ഞപ്പോൾ അയ്യോ.. ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് കോൾ കട്ടാക്കി. അദ്ദേഹത്തെ വിളിച്ചാൽ പോലും വളരെ ബുദ്ധിമുട്ടാണ് കിട്ടാൻ. പിന്നെ ഇന്നേവരെ തിരിച്ചു വിളിച്ചിട്ടില്ല. 

10-20 വർഷത്തിലേറെ എംഎൽഎമാർക്കായി ഇവർ പലവിധ പാക്കേജ് തെരഞ്ഞെടുപ്പിലുണ്ടാക്കിയല്ലോ എന്തു കൊണ്ട് ഒരു വനിതയ്ക്ക് വേണ്ടി വഴിയൊരുക്കാൻ ഇവർക്കായില്ല. കെപിസിസി ഓഫീസിലെ എൻ്റെ പ്രതിഷേധത്തിന് പിന്നാലെ ശോഭാ സുരേന്ദ്രനും വീണ നായർക്കുമെല്ലാം സീറ്റ് ലഭിച്ചു എന്നതിൽ സന്തോഷമുണ്ട്. 

ഇപ്പോൾ എ.വി.​ഗോപിനാഥ്, കെ.വി.തോമസ് ഇവർക്കെല്ലാം അതൃപ്തിയുണ്ടായാൽ നേതാക്കളെല്ലാം കൂട്ടത്തോടെ അങ്ങോട്ട് പോയി കാണുകയാണ്. എന്നാൽ നമ്മുക്ക് പൂ‍ർണമായും അവ​ഗണനയാണ്. ഇപ്പോൾ സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നത്. എൻ്റെ പ്രവർത്തകയും നേതാവുമെല്ലാം ഞാനാണ്. ഇതൊരു വഞ്ചനയായിരുന്നുവെന്ന് ബന്ധുക്കൾക്കും സുഹൃത്തുകൾക്കുമെല്ലാം മനസിലായി. ഈ തെര‍ഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ ജയിക്കണം എന്നു മാത്രമേ ഞാൻ ആലോചിക്കുന്നുള്ളൂ. അതുമാത്രമാണ് ലക്ഷ്യം. മറ്റു കാര്യങ്ങളിലൊക്കെ പിന്നെ തീരുമാനമെടുക്കും. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കും എന്നാണ് എൻ്റെ പ്രതീക്ഷയും വിശ്വാസവും. പാർട്ടിയും മുന്നണിയും വിട്ടു പോന്നെങ്കിലും ഞാനിപ്പോഴും കോൺ​ഗ്രസുകാരിയാണ്. 

click me!