ആഴക്കടല്‍ മത്സ്യബന്ധന കരാർ; സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ലത്തീന്‍ കത്തോലിക്ക സഭ

By Web TeamFirst Published Mar 7, 2021, 5:26 PM IST
Highlights

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ തണുപ്പിക്കാനും മത്സ്യ തൊഴിലാളി മേഖലയിലുള്ളവരെ അനുനയിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പരസ്യ പ്രതിഷേധവുമായി ലത്തീൻ സഭയും രംഗത്തെത്തിയത്.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആഴക്കടല്‍മത്സ്യ ബന്ധന കരാർ വിവാദത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ലത്തീന്‍  കത്തോലിക്ക സഭ. കരാര്‍ നല്‍കിയ വ്യവസായ, ഫീഷറീസ് വകുപ്പുകള്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും, സര്‍ക്കാര്‍ തുടര്‍ച്ചയായി കള്ളം പറഞ്ഞുവെന്നും ഇതിന്‍റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കേരള റീജിയണൽ ലാറ്റിന്‍ കാത്തലിക് കൗണ്‍സിൽ യോഗത്തിനു ശേഷം ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു. ആഴക്കടല്‍ കരാർ വിഷയത്തിൽ ലത്തീൻ സഭക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ തണുപ്പിക്കാനും മത്സ്യ തൊഴിലാളി മേഖലയിലുള്ളവരെ അനുനയിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പരസ്യ പ്രതിഷേധവുമായി ലത്തീൻ സഭയും രംഗത്തെത്തിയത്. ലത്തീന്‍ സഭയുടെ നയ രൂപീകരണ സമിതിയായ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ യോഗത്തിനു ശേഷമാണ് സഭ നിലപാട് വ്യക്തമാക്കിയത്. കരാര്‍ വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാനാണ് മന്ത്രിമാർ ശ്രമിച്ചതെന്നാണ് ആക്ഷേപം.

ഇഎംസിസിയുമായുള്ള കരാർ സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്നും ലത്തീൻ സഭ ആവശ്യപ്പെട്ടു. അതിനിടെ ആഴക്കടല്‍ കരാറില്‍ ലത്തീന്‍ സഭയുടെ നിലപാടിനെ പരസ്യമായി പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ രംഗത്തു വന്നു. ഇടതുപക്ഷം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആഴക്കടല്‍ കരാറിൽ സര്‍ക്കാരിനെ യാക്കോബായ സഭ വിമര്‍ശിക്കുന്നതും ഇതാദ്യമായാണ്.

click me!