
തിരുവനന്തപുരം: കോവളം സീറ്റിനെ ചൊല്ലി ജെഡിഎസ്സിൽ തർക്കം. മണ്ഡലത്തിൽ തനിക്കാണ് വിജയസാധ്യതയെന്ന് മുൻ എംഎൽഎ ജമീല പ്രകാശം തിരുവനന്തപുരത്ത് ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ പറഞ്ഞത് തർക്കത്തിനിടയാക്കി. ഇതിനെതിരെ എതിർപ്പ് ഉയർന്നു. മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചത് നീലലോഹിതദാസൻ നാടാരുടേയും ജില്ലാ സെക്രട്ടറി ആർഎസ് പ്രഭാതിന്‍റെയും പേരായിരുന്നു.
മത്സരിക്കാനില്ലെന്ന് പറഞ്ഞ് നീലൻ പിന്മാറിയതോടെയാണ് ഭാര്യ ജമീല പ്രകാശം സീറ്റിന് അവകാശവാദം ഉന്നയിച്ചത്. തർക്കം മൂലം തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ. കൃഷ്ണൻകുട്ടിയും വീണ്ടും മത്സരിക്കും. അങ്കമാലിയിൽ ജോസ് തെറ്റയലിൻറെയും ബെന്നി മുഞ്ഞേലിയുടെയും പേരാണ് പരിഗണിക്കുന്നത്. ഒൻപതിന് ബെംഗളൂരുവില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.