സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇടത് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍

By Web TeamFirst Published May 2, 2021, 10:14 AM IST
Highlights

ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അതേസമയം  എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡ്

തിരുവനന്തപുരം: ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. 90 സീറ്റുകളില്‍ എല്‍ഡിഎഫും 51 സീറ്റുകളില്‍ യുഡിഎഫും മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. അതേസമയം  എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.

നേമത്തും പാലക്കാടും തൃശ്ശൂരിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്.  മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതിനൊപ്പം തന്നെയാണ്. കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യു‍ഡിഎഫും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാ​ഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. 

കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായിൽ മത്സരിക്കുന്ന മാണി സി കാപ്പനും ലീഡ് നില മാറ്റി  മറിക്കുകയാണ്. നിലവില്‍ മാണി സി കാപ്പന്‍ വലിയ ലീഡ് ഉയര്‍ത്തി ഇരിക്കുകയാണ്. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും കാപ്പന്‍ മുന്നേറുകയാണ്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് ടിവി കാണൂ, തത്സമയം

 

click me!