'തിരുവമ്പാടി'യിൽ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലീം ലീ​ഗ്; താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Feb 28, 2021, 1:25 PM IST
Highlights

തിരുവമ്പാടിയിൽ പരാജയപ്പെട്ടെന്ന് വച്ച് ആ സീറ്റ് വിട്ടുനൽകേണ്ടതില്ലെന്നാണ് മുനീർ പറഞ്ഞത്. താമരശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനീർ. 

കോഴിക്കോട്: തിരുവമ്പാടി സീറ്റിൽ വിട്ടുവീഴ്ച്ചയില്ലെന്ന് സൂചന നൽകി മുസ്ലീം ലീ​ഗ് നേതാവ് എം കെ മുനീർ. തിരുവമ്പാടിയിൽ പരാജയപ്പെട്ടെന്ന് വച്ച് ആ സീറ്റ് വിട്ടുനൽകേണ്ടതില്ലെന്നാണ് മുനീർ പറഞ്ഞത്. താമരശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനീർ. 

ബിഷപ്  മാർ റെമിജിയസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നാണ് മുനീർ പറയുന്നത്. തിരുവമ്പാടി ഉൾപ്പടെ എല്ലാ മണ്ഡലങ്ങളിലേക്കും സഭയുടെ പിന്തുണ നേടിയെന്നും മുനീർ പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമാണ് ബിഷപ്  മാർ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയത്. 

രാവിലെ പത്ത് മണിയോടെയാണ് പി.കെ കു‍ഞ്ഞാലിക്കുട്ടിയും എം കെ മുനീറും താരമരശേരി രൂപതാ ആസ്ഥാനത്ത് എത്തിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും തിരുവമ്പാടി സീറ്റ് വിട്ടുനല്‍കേണ്ടതില്ലെന്ന് ലീഗ് തീരുമാനമെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. തിരുവമമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് താമരശേരി രൂപത ഏറെക്കാലമായി ആവശ്യം ഉന്നയിക്കുന്നതാണ്. തിരുവമ്പാടിയില്‍ കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ മല്‍സരിക്കുന്നതു സംബന്ധിച്ച ചില ചര്‍ച്ചകള്‍ യുഡിഎഫില്‍ നടന്നെങ്കിലും ലീഗ് വഴങ്ങിയില്ല. തിരുവമ്പാടിയില്‍ വീണ്ടും മല്‍സരിക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യം ലീഗ് നേതാക്കള്‍ രൂപത നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കൂ എന്ന മറുപടിയാണ് രൂപത നേതൃത്വം ലീഗ് നേതാക്കള്‍ക്ക് നല്‍കിയതെന്നാണ് സൂചന. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു നിന്നു.

ജനസംഖ്യയില്‍ ഭൂരിപക്ഷവും മുസ്ലിം വിഭാഗക്കാരാണെങ്കിലും കുടിയേറ്റ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കും കാര്യമായ സ്വാധീനമുളള മണ്ഡലമാണ് തിരുവമ്പാടി. 2016ല്‍ സഭയുടെ എതിര്‍പ്പ് മറികടന്ന് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗിലെ ഉമ്മര്‍ മാസ്റ്റര്‍ 3008വോട്ടുകള്‍ക്ക് സിപിഎമ്മിലെ ജോര്‍ജ്ജ് എം തോമസിനോട് തോറ്റിരുന്നു. ഇക്കുറി വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനിറങ്ങുന്നതും യുഡിഎഫിന് വെല്ലുവിളിയാണ്. മുക്കം നഗരസഭ ഉള്‍പ്പെടുന്ന തിരുവന്പാടി മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ കാര്യമായ ക്ഷിണം ചെയ്യുമെന്ന ആശങ്കയും ലീഗിനുണ്ട്. അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കി മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫ് നീക്കം.

click me!