നേമത്ത് പൊടിപാറും പോരാട്ടം, വെല്ലുവിളി ഏറ്റെടുത്ത് മുരളീധരന്‍, കരുണാകരന്‍റെ വിജയം മകന്‍ ആവര്‍ത്തിക്കുമോ?

Published : Mar 14, 2021, 05:34 PM ISTUpdated : Mar 14, 2021, 05:47 PM IST
നേമത്ത് പൊടിപാറും പോരാട്ടം, വെല്ലുവിളി ഏറ്റെടുത്ത് മുരളീധരന്‍, കരുണാകരന്‍റെ വിജയം മകന്‍ ആവര്‍ത്തിക്കുമോ?

Synopsis

സംഘടനാശക്തി ക്ഷയിച്ച നേമത്ത് കോൺഗ്രസിന് പക്ഷേ എല്ലാം ഇനി ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും. മുരളീധരനെത്തുന്നതിന്റെ ആവേശവും പ്രതീക്ഷകളും വാനോളമെങ്കിലും മണ്ഡലത്തിന്റെ ചരിത്രവും കണക്കുകളും യുഡിഎഫിന് സുഖകരമല്ല

തിരുവനന്തപുരം: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പൊടിപാറും മത്സരങ്ങളിലൊന്ന് നടക്കുക നേമത്ത് തന്നെയെന്ന് ഉറപ്പായി. സ്വാധീനമില്ലാത്ത ഘടകക്ഷികൾക്ക് സീറ്റ് വിട്ട് നൽകി പഴികേട്ട കോൺഗ്രസ് ഇത്തവണ കളത്തിലിറക്കുന്നത് കെ മുരളീധരനെന്ന ശക്തനായ സ്ഥാനാത്ഥിയെയാണ്. സ്ഥിരം മണ്ഡലങ്ങൾ വിട്ട് നേമം എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖ നേതാക്കൾ തയ്യാറാകാതിരുന്നിടത്താണ് ഏറെ ദിവസത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ മുരളീധരനെത്തുന്നത്. 

തങ്ങൾക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോൺഗ്രസിന് ഭയമാണെന്ന ബിജെപി ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുരളീധരന്റെ സ്ഥാനാ‍ര്‍ത്ഥിത്വം. സംഘടന സംവിധാനം താരതമ്യേനെ കുറവായിരിക്കെ നേമം റിസ്ക് ഏറ്റെടുത്ത് മുരളീധരൻ പൊരുതാനെത്തുമ്പോൾ ബിജെപിക്കെതിരായ സന്ദേശം സംസ്ഥാനത്താകെ ഗുണം ചെയ്യുമെന്നാണ് വിശ്വാസം. 

നേരത്തെ വട്ടിയൂര്‍കാവ് വിട്ട് വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയ മുരളീധരൻ ഉണ്ടാക്കിയ ഓളവും ഊര്‍ജവും നേമത്ത് മത്സരിക്കുന്നതിലൂടെ തെക്കൻ കേരളത്തിലും ഉണ്ടാക്കാൻ സാധിച്ചേക്കുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. കെ കരുണാകരൻ 1982 ൽ മത്സരിച്ചD വിജയിച്ച മണ്ഡലമായ നേമത്ത് മകൻ കെ മുരളീധരൻ സ്ഥാനാര്‍ത്ഥിയായി എത്തുന്നുവെന്നതും പ്രത്യേകതയാണ്. മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോൾ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും നേട്ടമാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 

ആവേശം ക്ഷയിച്ചുപോയ മണ്ഡലത്തിലെ കോൺഗ്രസുകാര്‍ ശക്തനായ പാര്‍ട്ടി സ്ഥാനാർത്ഥി വരുന്നതിന്റെ ഉണർവ്വിലാണ്. സംഘടനാശക്തി ക്ഷയിച്ച നേമത്ത് കോൺഗ്രസിന് പക്ഷേ എല്ലാം ഇനി ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും. മുരളീധരനെത്തുന്നതിന്റെ ആവേശവും പ്രതീക്ഷകളും വാനോളമെങ്കിലും മണ്ഡലത്തിന്റെ ചരിത്രവും കണക്കുകളും യുഡിഎഫിന് സുഖകരമല്ല. 2011 ൽ നിന്ന് 2016 ലെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് വെറും 13,000 ൽ ഒതുങ്ങി. ശശി തരൂർ മത്സരിച്ചപ്പോൾ പോലും ലോക്സഭയിൽ നേമത്ത് ബിജെപിക്ക് പിന്നിൽ രണ്ടാമതായിരുന്നു. 

ബിജെപിക്കൊപ്പം ഇടതുപക്ഷത്തിനും വളരെയേറെ സ്വാധീനമുള്ള മണ്ഡലത്തിലാണ് സംഘടനാ ശേഷി വീണ്ടെടുത്ത്, വോട്ടർമാരുടെ വിശ്വാസം വീണ്ടെടുത്ത് പൊരുതേണ്ടത്. ബിജെപിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഇടതുപ്രതീക്ഷകൾക്ക് മുരളീധരന്റെ വരവ് വെല്ലുവിളിയാണ്.  കോൺഗ്രസ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും മുരളീധരന് വീണാൽ ഇത്തവണ നേമത്ത് കളംമാറും. ജയമോ പരാജയമോ അതെന്തായാലും ഈ മത്സരം കെ മുരളീധരനെന്ന രാഷ്ട്രീയ നേതാവിന്റെ കരിയര്‍ ഗ്രാഫ് ഉയ‍ത്തുന്നതാകുമെന്നതിൽ തര്‍ക്കമില്ല. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021