പിസി ജോർജ്ജിന് 'തൊപ്പി'; ജോസഫ് വിഭാഗത്തിന് ടാക്ടർ ഓടിക്കുന്ന കർഷകന്‍, ചിഹ്നം അനുവദിച്ച് കമ്മീഷന്‍

By Web TeamFirst Published Mar 22, 2021, 5:49 PM IST
Highlights

ചങ്ങാനാശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജെ ലാലിക്ക് ട്രാക്ടർ ചിഹ്നവും ചങ്ങനാശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന് ഓട്ടോറിക്ഷാ ചിഹ്നവുമാണ് അനുവദിച്ചത്. 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസഫ് വിഭാഗത്തിൻ്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം അനുവദിച്ചു. ജോസഫിന് മാത്രമല്ല പാലായിൽ ജോസിനെതിരെ പോരാടുന്ന എൻസികെ സ്ഥാനാർത്ഥി മാണി സി കാപ്പനും ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം ലഭിച്ചു. പി സി ജോർജ്ജിന് 'തൊപ്പി' ചിഹ്നവും ചങ്ങാനാശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജെ ലാലിക്ക് ട്രാക്ടർ ചിഹ്നവും ചങ്ങനാശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന് ഓട്ടോറിക്ഷാ ചിഹ്നവുമാണ് അനുവദിച്ചത്. 

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം രാഷ്ട്രീയകേരള സാക്ഷിയായത് നിരവധി നാടകീയരംഗങ്ങൾക്ക്. രണ്ടിലക്കായുള്ള നിയമപ്പോരിൽ ജോസിനോട് തോറ്റ് ഇനി എന്താകും ചിഹ്നം എല്ലാവർക്കും ഒരേ ചിഹ്നം കിട്ടുമോ എന്നൊക്കെയുള്ള ജോസഫിൻ്റെ ആകാംക്ഷക്ക് അറുതിയായി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം സ്വയം കർഷകനെന്ന് വിളിക്കുന്ന ജോസഫിന് ആശ്വാസമായി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം പാർട്ടിക്ക് അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു. ദില്ലിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ചിഹ്നത്തിന്റെ പ്രസക്തിയേറെയാണ്. ചിഹ്നവുമായി സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമാകുമെന്നും 10 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും പി ജെ ജോസഫ് പ്രതികരിച്ചു.

click me!