ഈ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇടത് പാളയം വിട്ട് എൻഡിഎ സീറ്റ് നേടിയത് അഞ്ച് പേർ

By Web TeamFirst Published Mar 16, 2021, 9:01 PM IST
Highlights

ഈ തെരഞ്ഞെടുപ്പ് കാലത്ത്, സംസ്ഥാനത്ത് എൻഡിഎ ക്യാമ്പിന് കൂടുതൽ സ്ഥാനാർത്ഥികളെ നൽകിയതിൽ ഇടതുപക്ഷമാണ് മുന്നിൽ.

തിരുവനന്തപുരം/ ആലപ്പുഴ: സിപിഐയിൽ നിന്ന് രാജിവെച്ച ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവ് തമ്പി മേട്ടുതറ കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇടത് പാളയം വിട്ട് എൻഡിഎ സ്ഥാനാർത്ഥികളായത് അഞ്ച് പേരാണ്. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട് ആരോപിക്കുന്ന എൽഡിഎഫിനെ വെട്ടിലാക്കുന്നതാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

മദ്ധ്യതിരുവിതാംങ്കൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച  സഖാവ് മേട്ടുതറ നാരായണന്‍റെ മകനാണ് തമ്പി മേട്ടുതറ. അച്ഛന്‍റെ വിപ്ലവ സ്മരണകൾ ഉറങ്ങുന്ന വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിന് മുന്നി‌ൽ നിന്നാണ് എൻഡിഎ പാളയത്തിലേക്കെന്ന് തമ്പി പ്രഖ്യാപിച്ചത്.  സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്. ഹരിപ്പാട് സീറ്റിലേക്ക് പാർട്ടി പരിഗണിച്ച ആദ്യ പേരുകാരന്‍റെ എൻഡിഎ സ്ഥാനാർത്ഥിത്വം ഇടത് ക്യാമ്പിനെ ഞെട്ടിച്ചു.

തമ്പി മേട്ടുതറയിൽ തീരുന്നില്ല പട്ടിക. തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്‍റും മരുത്തോർവട്ടം ലോക്ക‌ൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് ആണ് ചേർത്തലയിലെ എൻഡിഎ സ്ഥാനാർഥി. മാവേലിക്കരയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം പ്രാദേശിക നേതാവുമായിരുന്ന കെ. സ‍ഞ്ജുവിനെയാണ് ബിജെപി  മത്സരിപ്പിക്കുന്നത്. സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ മിനർവ മോഹനാണ് കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി. പാലക്കാട് മണ്ണാർക്കാട് മണ്ഡലത്തിൽ പ്രാദേശിക സിപിഎം നേതാവ് പി. നസീമ എൻഡിഎ സ്ഥാനാർഥിയായത്, എഐഡിഎംകെ വഴിയാണ്. എന്തായാലും സംസ്ഥാനത്ത് എൻഡിഎ ക്യാമ്പിന് കൂടുതൽ സ്ഥാനാർത്ഥികളെ നൽകിയതിൽ ഇടതുപക്ഷമാണ് മുന്നിൽ.

click me!