'പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്', ചെന്നിത്തലയുടെ ശ്രമം കേരളീയരുടെ അന്നം മുടക്കാനെന്ന് പിണറായി

By Web TeamFirst Published Mar 28, 2021, 10:16 AM IST
Highlights

പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല തയ്യാറായതെന്നും  പിണറായി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല തയ്യാറായതെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും ആവശ്യപ്പെട്ടു. 

കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാൻ സാധിച്ചു. ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ്. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ല. ഈസ്റ്റർ,വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രിൽ ആദ്യം നൽകുന്നത്. സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കാൻ നേരത്തെ തീരുമാനമെടുത്തതാണ്. പ്രതിപക്ഷ നേതാവ് തുടർച്ചയായി നുണ പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി തീരുമാനമെടുക്കണം. സർക്കാർ ഈ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. 

ഏപ്രിൽ മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷനൊപ്പം മെയ് മാസത്തെ പെൻഷൻ മുൻകൂർ ആയി നൽകുന്നു എന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. മാർച്ചിലെ പെൻഷനാണ് നൽകുന്നത്. പ്രതിപക്ഷ നേതാവിന് മാസങ്ങൾ മാറി പോകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

ഗുരുവായൂരിലെ ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.  ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായത് വെറുതെയല്ല. പൗരത്വം തെളിയിക്കാനുള്ള രേഖകൾ ലീഗുകാർ പൂരിപ്പിച്ച് നൽകുമെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കൊവിഡ് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. 26 ലക്ഷം പേർക്ക് നൽകി. 10.76 പേർക്ക് മാത്രമാണ് കൊവിഡ് വന്നത്. ഇപ്പോഴും രോഗ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. എൽഡിഎഫ്  അധികാരത്തിൽ വന്നാൽ കടപ്പാടം അവകാശം എന്ന നിയമം കൊണ്ടുവരും. നാട്ടിൽ വന്ന മാറ്റങ്ങളെ വരമ്പത്തിരുന്ന് കണ്ടവർക്ക് കല്ലെറിയാൻ തോന്നുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

click me!