'ഗുരുവായൂരിൽ കച്ചവടമുറപ്പിച്ച് കഴിഞ്ഞു'; കേരളത്തിൽ ബിജെപി - കോൺഗ്രസ് ധാരണയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Mar 29, 2021, 10:36 AM IST
Highlights

കേന്ദ്ര സർക്കാർ കേരളത്തോട് തെറ്റായ നിലപാട് സ്വീകരിക്കുമ്പോഴും യുഡിഎഫ് മൗനത്തിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില കളികൾ നടത്തിയപ്പോൾ അതിന് തപ്പുകൊട്ടുകയാണ് യുഡിഎഫ്, എല്ലാറ്റിലും ഒരു ഒത്തുകളി കാണാൻ ഉണ്ട് - മുഖ്യമന്ത്രി പറയുന്നു. 

കണ്ണൂർ: കേരളത്തിലെ ബിജെപി കോൺഗ്രസ് ധാരണ പൂർവ്വാധികം ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സ്ഥാനാർത്ഥികൾ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു. 

ഗുരുവായൂരിൽ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എൻ എ ഖാദർ ചില കാര്യങ്ങളിൽ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു. പഴയ 'കോലീബി' സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങൾ നീക്കിയതെന്നും പിണറായി വിജയൻ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സർക്കാർ നിലപാടടിനെ കോൺഗ്രസ് അംഗീകരിക്കാതിരുന്നത് ഇത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര സർക്കാർ കേരളത്തോട് തെറ്റായ നിലപാട് സ്വീകരിക്കുമ്പോഴും യുഡിഎഫ് മൗനത്തിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില കളികൾ നടത്തിയപ്പോൾ അതിന് തപ്പുകൊട്ടുകയാണ് യുഡിഎഫ്. എല്ലാത്തിലും ഒരു ഒത്തുകളി കാണാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏ കെ ആന്‍റണിക്കെതിരെയും രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. എൽഡിഎഫ് വീണ്ടും വന്നാൽ സർവ്വനാശമെന്ന് പറഞ്ഞ നേതാവ് ഈ ഒത്തുകളി നാശമാണെന്ന് പറയാൻ തയ്യാറായിട്ടില്ലല്ലോ എന്നാണ് ചോദ്യം. സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം നൽകാത്തപ്പോൾ പോലും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നില്ലെന്നാണ് ആരോപണം. 

ഫെഡറൽ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് സംസ്ഥാനത്തിന്‍റെ അവകാശമാണ് കേരളം ചോദിക്കുന്നത്, കേരളത്തിന് എന്തെങ്കിലും നൽകുന്നത് ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങളെ പിഴിഞ്ഞ് എല്ലാം കേന്ദ്രത്തിലേക്ക് എത്തിക്കുക എന്നത് ഫെഡറൽ സംവിധാനത്തിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ പാർപ്പിട പദ്ധതികൾ എല്ലാത്തിനെയും ഒരു കുടക്കീഴിലാക്കിയിട്ടാണ് ലൈഫ് മിഷൻ നടപ്പാക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെ നേരത്തെ അറിയിച്ചതാണ്. നഗര പ്രദേശങ്ങളിലെ ഓരോ വീടിനും രണ്ടര ലക്ഷം കേരളവും ഒന്നര ലക്ഷം കേന്ദ്രവും നൽകുന്നു. ലൈഫ് മിഷൻ കേന്ദ്രത്തിന്‍റെ ദാനമാണെന്നാണ് ബിജെപിക്കാർ പ്രചരിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് സത്യം അറിയാം. 

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി. ശബരിമലയിൽ കാര്യങ്ങളെല്ലാം നന്നായി നടക്കുന്നത്. അനാവശ്യ വിവാദം ഉണ്ടാക്കാൻ മാധ്യമങ്ങൾ  കിണഞ്ഞ് പരിശ്രമിക്കുകയാണ്. കടകംപള്ളി ക്ഷമാപണം നടത്തിയത് പരിശോധിക്കുമോ എന്ന ചോദ്യത്തിന് പക്ഷേ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

സ്വർണക്കടത്ത് അന്വേഷണ ഏജൻസികളെ ഒരു വഴിക്ക് നടത്താൻ ചില മാധ്യമങ്ങൾ പ്രലോഭിപ്പിച്ചു. സ്പീക്കറെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ലൈഫ് മിഷനിലെ അനാവശ്യ ഇടപെടൽ പ്രിവിലേജ് കമ്മറ്റി പരിശോധിക്കുമെന്ന് സ്പീക്കർ പറഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ അനാവശ്യം പറയുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. 

സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സ്വർണക്കടത്തിന്‍റെ ഉറവിടവും ഉപഭോക്താവും ആരെന്ന് കണ്ടെത്താനാണ്, എന്നിട്ട് അന്വേഷണം എന്തായി? ബിജെപിക്ക് വേണ്ടപ്പെട്ട മാധ്യമ പ്രവർത്തകനിലേക്ക് അന്വേഷണം എത്തി. ചില ബിജെപി നേതാക്കളുടെ പേരിലേക്ക് ഇത് എത്തിയതോടെ അവിടെ നിർത്തി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീട് സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കാനാണ് ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. 

സ്പീക്കറെ പോലും തെറ്റായ വഴിക്ക് വലിച്ചിഴക്കുന്നുവെന്ന് പരാതിപ്പെട്ട മുഖ്യമന്ത്രി നിയമസഭ കേന്ദ്രത്തിന്‍റെ നീക്കങ്ങളെ എതിർത്തപ്പോൾ ആണ് ഏജൻസികൾ സ്പീക്കർക്കെതിരെ നീങ്ങിയതെന്ന് ആവർത്തിച്ചു.

click me!