
കൊച്ചി: കളമശ്ശേരിയിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി വി.ഇ. അബ്ദുള്‍ ഗഫൂറിനെതിരായ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുന്നു. സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ ഭാരവാഹികൾ ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡന്‍റ് അബ്ദുൽ മജിദിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് പാണക്കാട് എത്തുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകനെ അംഗീകരിക്കാൻ കഴിയില്ലെന്നും, പകരം മങ്കട എംഎൽഎ , ടി എ അഹമ്മദ് കബീറിനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കണം എന്നുമാണ് ഇവരുടെ ആവശ്യം.
അബ്ദുൽ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അഹമ്മദ് കബീർ വിഭാഗം ഇന്നലെ സമാന്തര കൺവൻഷൻ വിളിച്ചിരുന്നു. 500 ലേറെ പേർ കൺവെൻഷനിൽ പങ്കെടുത്തു. പാലാരിവട്ടം ചച്ചയാകുന്ന സാഹചര്യത്തിൽ ഇബ്രാഹീം കുഞ്ഞിന്റെ മകൻ സ്ഥാനാര്‍ത്ഥിയാകുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. അബ്ദുൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ നൂറ് കണക്കിന് പ്രവർത്തകർ മങ്കട എംഎൽ എയായ ടി എ അഹമ്മദ് കബീറിൻ്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. ജില്ലാ ലീഗ് പ്രസിഡൻ്റ് കെ എം അബ്ദുൽ മജീദിൻ്റ നേതൃത്വത്തിലായിരുന്ന യോഗം. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യവുമായി അഹമ്മദ് കബീര്‍ രംഗത്തെത്തിയത്.