അതൃപ്തി പുകഞ്ഞ് ലീഗ്; തിരൂരങ്ങാടിയിൽ കെപിഎ മജീദ് വേണ്ട, പാണക്കാട്ടെത്തി പ്രതിഷേധം

By Web TeamFirst Published Mar 13, 2021, 10:51 AM IST
Highlights

സാധാരണ പ്രവര്‍ത്തകരല്ല, ബൂത്ത് തലത്തിൽ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറ‍ഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍

മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ അസാധാരണ പ്രതിഷേധവുമായി മുസ്ലീം ലീഗ് പ്രവര്‍ത്തകരും. പാണക്കാട് തങ്ങൾ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയുമായി തെരഞ്ഞെടുപ്പ് നേരിടുകയെന്ന പതിവ് രീതിക്ക് അപ്പുറത്ത് പരസ്യമായി അതൃപ്തി അറിയിക്കുകയാണ് പ്രതിഷേധക്കാര്‍ . തിരൂരങ്ങാടിയിൽ കെപിഎ മജീദ് സ്ഥാനാര്‍ത്ഥിയാകുമെന്ന നേതൃത്വത്തിന്‍റെ പ്രഖ്യാപനമാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സാധാരണ പ്രവര്‍ത്തകരല്ല, ബൂത്ത് തലത്തിൽ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറ‍ഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

മങ്കട മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. പ്രവര്‍ത്തന മണ്ഡലം മലപ്പുറം ആണ് അവിടെ എവിടെ എങ്കിലും കെപിഎ മജീദിനെ മത്സരിപ്പിക്കാമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പിഎംഎ സലാം സ്ഥാനാര്‍ത്ഥിയായി എത്തണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പുണ്ട്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തില്ലെങ്കിൽ പാര്‍ട്ടിയിലെ പ്രതിഷേധം വോട്ടിലൂടെ അറിയിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്. 

തിരൂരങ്ങാടിയിൽ മാത്രമല്ല അബ്ദുൾ റഹ്മാൻ രണ്ടത്താണി അടക്കം പ്രമുഖ നേതാക്കൾക്കും സീറ്റില്ലാത്തത് പല മണ്ഡലങ്ങളിലും അണികളുടെ അതൃപ്തിക്കിടയായിട്ടുണ്ടെന്നാണ് വിവരം. 

click me!