'സ്ഥാനാ‍ർത്ഥി പട്ടികയിൽ രാഹുൽ ഹാപ്പി': ഇരിക്കൂറിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് കേരള നേതാക്കൾ തന്നെ

By Web TeamFirst Published Mar 19, 2021, 11:31 AM IST
Highlights

സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങളും യുവാക്കളുമില്ലെങ്കിൽ കേരളത്തിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് രാഹുൽ നേതാക്കളെ വിരട്ടിയെന്ന്  വെളിപ്പെടുത്തൽ  

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സന്തോഷം രേഖപ്പെടുത്തി രാഹുൽ ​ഗാന്ധി. സംസ്ഥാനത്തെ കോൺ​ഗ്രസിൽ തലമുറ മാറ്റത്തിനും ​ഗ്രൂപ്പ് അതിപ്രസരം അവസാനിപ്പിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി  നിർണയം വഴിയൊരുക്കുമെന്നാണ് രാഹുലിൻ്റെ വിലയിരുത്തൽ. 

അൻപത് ശതമാനത്തിലേറെ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം കൊടുത്ത കേരളത്തിലെ നേതാക്കളെ രാഹുൽ ​ഗാന്ധി തൻ്റെ സന്തോഷം അറിയിച്ചുവെന്നാണ് എഐസിസി വൃത്തങ്ങൾ അറിയിക്കുന്നത്.  പ്രചാരണത്തിനായി അടുത്ത ആഴ്ച തന്നെ രാഹുലും പ്രിയങ്കയും കേരളത്തിലെത്തും. 

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള വിവാദങ്ങളും പൊട്ടിത്തെറിയും കേരളത്തിൽ തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധിയുടെ പൊസിറ്റീവ് റെസ്പോൺസ് പുറത്തു വരുന്നത്. സ്ഥാനാർത്ഥി നിർണയത്തിന് തുടക്കമാവും മുൻപേ തന്നെ മികച്ച സ്ഥാനാ‍ർത്ഥി പട്ടിക വേണമെന്ന നിലപാട് രാഹുൽ സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. 

കേരളത്തിൽ നിലവിൽ എൽഡിഎഫിനുള്ള മുൻതൂക്കത്തെ മറികടക്കാൻ സ്ഥാനാർത്ഥി നിർണയത്തിലൂടെ മാത്രമേ സാധിക്കൂവെന്നും പകുതിയിലേറെയും പുതുമുഖങ്ങളായിരിക്കണമെന്നും യുവാക്കൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം വേണമെന്നും രാഹുൽ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷിച്ച രീതിയിൽ സ്ഥാനാർത്ഥി പട്ടിക വന്നില്ലെങ്കിൽ കേരളത്തിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന ഭീഷണിയും രാഹുൽ ഉയർത്തി എന്നാണ് വിവരം. ദില്ലിയിൽ അന്തിമ സ്ഥാനാർഥി പട്ടിക രൂപപ്പെടുന്നതിന് മുൻപായി മൂന്ന് തവണ രാഹുൽ കേരള നേതാക്കളെ ഇക്കാര്യം അറിയിച്ചു. 

എന്തായാലും രാഹുൽ ​ഗാന്ധിയുടെ ശക്തമായ നിലപാട് മികച്ച സ്ഥാനാർത്ഥി പട്ടികയ്ക്ക് വഴിയൊരുക്കി എന്നാണ് ഇപ്പോൾ ഹൈക്കമാൻഡിൻ്റേയും വിലയിരുത്തൽ. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന സ്ഥാനാർഥി പട്ടിക കേരളത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുമെന്നും ​ഗ്രൂപ്പടിസ്ഥാനത്തിൽ ​ഗ്രൂപ്പുകൾ മണ്ഡലം കൈവശം വയ്ക്കുന്ന അവസ്ഥയ്ക്ക്  സ്ഥാനാർത്ഥി പട്ടികയിലൂടെ മാറ്റം വരുത്താനായെന്നും എഐസിസി പ്രതികരിക്കുന്നു. 

സ്ഥാനാർത്ഥി നിർണയത്തിൽ ഏറ്റവും കൂടുതൽ പൊട്ടിത്തെറിയുണ്ടായ ഇരിക്കൂരിൽ സജി ജോസഫിനെ സീറ്റ് കൊടുത്തതിനെക്കുറിച്ചും  എഐസിസി ഇപ്പോൾ വിശദീകരണം നൽകുന്നുണ്ട്. 2011-ലെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താനായി വിടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങി നിരവധി യുവാക്കളുടെ പേരുകൾ രാഹുൽ ​ഗാന്ധി മുന്നോട്ട് വച്ചിരുന്നു. ആ പട്ടികയിലെ പ്രധാന പേരുകളിലൊന്ന് സജി ജോസഫിൻ്റേതായിരുന്നു. എന്നാൽ കണ്ണൂരിലെ പാർട്ടി നേതൃത്വത്തിൽ നിന്നുണ്ടായ ശക്തമായ എതിർപ്പും ഇരിക്കൂരിൽ കെ.സി.ജോസഫ് തുടരട്ടെ എന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടും മൂലം സജി ജോസഫിന് സീറ്റ് നിഷേധിക്കപ്പെട്ടു. 

പിന്നീട് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരിക്കൂറിൽ സജി ജോസഫിൻ്റെ പേര് എഐസിസിയും ദേശീയ യൂത്ത് കോൺ​ഗ്രസ് നേതൃത്വവും മുന്നോട്ട് വച്ചെങ്കിലും പഴയ കാരണങ്ങളാൽ അന്നും അദ്ദേഹത്തിന്  സീറ്റ് നിഷേധിക്കപ്പെട്ടു. ഇങ്ങനെ രണ്ട് തവണ കേന്ദ്ര നേതൃത്വം ശുപാർശ ചെയ്തിട്ടും ഒഴിവാക്കിയ സജി ജോസഫിൻ്റെ പേര്  കെ.സി.ജോസഫ് മാറി നിന്നതോടെ ഇക്കുറി വീണ്ടും സ്ക്രീനിം​ഗ് കമ്മിറ്റിയുടെ മുന്നിലെത്തി. അദ്ദേഹത്തെ ഇരിക്കൂറിലെ സ്ഥാനാർത്ഥിയായി സ്ക്രീനിം​ഗ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. 

സ്ക്രീനിം​ഗ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ സമ‍ർപ്പിച്ച പട്ടികയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റപ്പേര് മാത്രമാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ഇരിക്കൂരിലേക്ക് സജി ജോസഫിൻ്റെ പേര് മാത്രം വരികയും അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം ലഭിക്കുകയും ചെയ്തുവെന്നാണ് ഹൈക്കമാൻഡ് വിശീദകരിക്കുന്നത്. കേരള നേതാക്കൾ ഉ​ൾപ്പെട്ട സ്ക്രീനിം​ഗ് കമ്മിറ്റിയാണ് സജീവ് ജോസഫിനെ ഇരിക്കൂറിലേക്ക് നിശ്ചയിച്ചത് എന്നിരിക്കേ കെ.സി.വേണു​ഗോപാലും ഹൈക്കമാൻഡ‍ും സജി ജോസഫിനായി ഇടപെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ അറിവോടെയാണ് സ്ഥാനാർത്ഥി നിർണയം നടന്നതെന്നും അവർ വിശദീകരിക്കുന്നു. 

കണ്ണൂർ എംപി കെ.സുധാകരൻ പല സീറ്റുകളിലേക്കും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളുടെ പേര് നിർ​ദേശിച്ചിരുന്നു. അവയിൽ പലതും ഹൈക്കമാൻഡ് അം​ഗീകരിച്ചു. കണ്ണൂരിലും വർക്കലയിലും കെ.സുധാകരൻ്റെ നിർദേശ പ്രകാരമാണ് സ്ഥാനാർത്ഥികളെ നിർദേശിച്ചത്. എന്നാൽ ചില സീറ്റുകളിൽ സുധാകരൻ്റെ നിർദേശം സ്ക്രീനിം​ഗ് കമ്മിറ്റി തള്ളി. സ്ഥാനാർത്ഥി നിർണയത്തേക്കാൾ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാതിരുന്നതാണ് സുധാകരൻ്റെ നിലവിലെ അതൃപ്തിക്ക് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 

സ്ഥാനാർത്ഥി നിർണയത്തിൽ വളരെ ചുരുക്കം സീറ്റുകളിലാണ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ ഉണ്ടായത്. കായംകുളത്ത് അരിത ബാബുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ഹൈക്കമാൻഡ് ഇടപെടൽ മൂലമാണ്. മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ സ്ഥാനാർത്ഥിയാവാൻ കാരണമായതും ഹൈക്കമാൻഡ് ഇടപെടൽ തന്നെ. ഒറ്റപ്പാലത്ത് സരിന് സീറ്റ് ലഭിച്ചത് യൂത്ത് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ഇടപെടൽ മൂലമാണെന്നും ​ഹൈക്കമാൻഡ് വിശദീകരിക്കുന്നു. എന്തായാലും അടുത്ത ആഴ്ച രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും പ്രചാരണത്തിന് എത്തുന്നതോടെ ഭിന്നതകളെല്ലാം മറന്ന് യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ഫുൾ സ്വിം​ഗിലാവും എന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്. 

click me!