ബിജെപിക്കും സിപിഎമ്മിനും ഒരേ ആശയം, ധാർഷ്ട്യമാണ് നയം; നേമത്തും തലസ്ഥാനത്തും ആവേശമേറ്റി രാഹുൽ ഗാന്ധി

By Web TeamFirst Published Apr 4, 2021, 5:28 PM IST
Highlights

തിരുവനന്തപുരം നേമത്ത് രാഹുൽ ​ഗാന്ധി എത്തിയതോടെ കോൺ​ഗ്രസ് പ്രവർത്തകർ അത്യധികം ആവേശത്തിലാണ്. ഹെലിപാഡിൽ നിന്ന് ഓട്ടോറിക്ഷയിലാണ് രാഹുൽ പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. ഇവിടെ നിന്ന് കഴക്കൂട്ടത്തേക്കാണ് അദ്ദേഹം പോകുക. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലായതോടെ ആവേശത്തിരയയുയർത്തി സ്ഥാനാർത്ഥികളുടെ റോഡ് ഷോ. തിരുവനന്തപുരം നേമത്ത് രാഹുൽ ​ഗാന്ധി എത്തിയതോടെ കോൺ​ഗ്രസ് പ്രവർത്തകർ അത്യധികം ആവേശത്തിലാണ്. ഹെലിപാഡിൽ നിന്ന് ഓട്ടോറിക്ഷയിലാണ് രാഹുൽ പൂജപ്പുരയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. 

കോഴിക്കോട്ടെ റോഡ് ഷോയ്ക്ക്  ശേഷമാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ​ഗാന്ധി നേമത്ത് പറഞ്ഞു. ബി ജെ പി യും ആർ എസ്സും കേരളത്തിൻ്റെ ഐക്യത്തെ തകർക്കുന്നു. അവർ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേൾക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി എസ് ടി യും അങ്ങനെ തന്നെ. ദില്ലിയിൽ ഇപ്പോൾ എന്ത് കൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്? കൊവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഈ ചെയ്യുന്ന കാര്യത്തിൽ ഹിന്ദു ചെയ്യുന്ന എന്ത് പ്രവർത്തിയാണ് ഉള്ളത്? ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നത്. 

പ്രധാനമന്ത്രി ഒരിക്കലും സി പി എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേൾക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗിക്കുമ്പോൾ കേരളത്തിൽ അവർ നിശബ്ദരാണ്. കോൺഗ്രസിനെ തകർക്കുക മാത്രമാണ് ലക്ഷ്യം. കേരളം എന്നത് ഒരാശയമാണ്. അത് പോലെയാണ് കോൺഗ്രസ്. ബിജെപിയും ആർ എസ് എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവർക്ക് ധാർഷ്ട്യമാണുള്ളത്. യു ഡി എഫ് മുഖ്യമന്ത്രി വന്നാൽ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാൽ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ല.

ഇന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി. ഇന്ന് ജീവിക്കാൻ കഴിയുന്നില്ലെന്ന് ഈ ഓട്ടോക്കാരൻ പറഞ്ഞു. ഇന്ധന വില കൂട്ടിയാണ് ബി ജെ പി വോട്ട് ചോദിക്കുന്നത്. ‍യു ഡി എഫ് സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. നാടകമെല്ലാം കഴിഞ്ഞു. കേരളം എന്താണെന്ന്  ഇന്ത്യയോട് പറഞ്ഞ് കൊടുക്കാൻ പോകുകയാണ്. യു ഡി എഫ് വന്നാൽ പാവപ്പെട്ട ഒരാൾ പോലും ഉണ്ടാകാൻ പോകുന്നില്ല. ന്യായ് പദ്ധതി ഇവിടെ തുടങ്ങിയാൽ ഇന്ത്യ മുഴുവൻ വ്യാപിക്കും. കേരളം വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ കഴിയുന്ന സംസ്ഥാനമാണ്. ഇന്ന് സമ്പദ് വ്യവസ്ഥ സ്തംഭനത്തിലാണ്.  ഇന്ധന വിലവർദ്ധനയിൽ ലഭിക്കുന്ന പണം ചില വ്യക്തികൾക്ക് മാത്രമാണ് പോകുന്നത്. ന്യായ് എന്നത് മലയാളികളുടെ പ്രശ്നങ്ങളുടെ പരിഹാരമാണ്. ഈ പ്രശ്നങ്ങൾക്ക് ബി ജെ പിയും ഇടത് പക്ഷവും മുന്നോട്ട് വച്ച പരിഹാരമെന്താണ്. അവർ വിദ്യേഷവും ദേഷ്യവും പകർത്തുന്നു എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

കെ മുരളീധരനെ വിളിച്ച് അടുത്ത് നിർത്തിയ രാഹുൽ താൻ പ്രചാരണത്തിനെത്തിയതിന്റെ പശ്ചാത്തലവും വിശദീകരിച്ചു. സ്ഥാനാർത്ഥി പട്ടിക  വന്നപ്പോൾ ഒരാളുടെ പ്രചാരണത്തിന് പോകണമെന്ന് താൻ ഉറച്ചിരുന്നു. മുരളി കേരളത്തിൻ്റെ സ്ഥാനാർത്ഥിയാണ്. മുരളി പരാജയപ്പെടാൻ പോകുന്നില്ല എന്നും രാഹുൽ അഭിപ്രായപ്പെട്ടു. 

 

നമ്മൾ മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തേക്ക് വേണ്ടിയാണെന്ന് നേമത്തെ സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ബി ജെ പി ക്ക് അനാവശ്യ പ്രാധാന്യം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു. നിയമസഭയിൽ തല്ലി തകർത്ത കേസിൽ താൻ പ്രതിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. മാറ്റത്തിന് സമയമായെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.സ്ഥാനാർത്ഥികളായ വീണാ എസ് നായരും വി എസ് ശിവകുമാറും വേദിയിലുണ്ടായിരുന്നു. 
 

click me!