
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്നം അതീവ ഗുരുതരമാണെന്ന് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് 5 വോട്ടുകൾ വരെ ഉണ്ടാക്കിയിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ കേസ് കേൾക്കണമെന്നും ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി ഉച്ചയ്ക്ക് 12 മണിക്ക് പരിഗണിക്കാം എന്ന് കോടതി വ്യക്തമാക്കി.
ഇരട്ട വോട്ടിനെതിരെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് നൽകിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. വ്യാജവോട്ട് ചേര്‍ക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം ഇരട്ട വോട്ട് വിവാദത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഈ മാസം 30 ന് മുൻപ് കളക്ടർമാരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.