യുഡിഎഫിൽ കീറാമുട്ടിയായി ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് ചർച്ച; പരിഹാരം തേടി നേതാക്കൾ

By Web TeamFirst Published Mar 2, 2021, 7:38 AM IST
Highlights

12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം. 10ല്‍ താഴെയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്നലെ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും ധാരണയില്‍ എത്താനായിരുന്നില്ല. 

കൊച്ചി: യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവുമായും ആര്‍എസ്പിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം. 10ല്‍ താഴെയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്നലെ രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും ധാരണയില്‍ എത്താനായിരുന്നില്ല. 

12 സീറ്റുകൾ നൽകാനാവില്ലെങ്കിൽ ജോസ് കെ മാണി വിഭാ​ഗത്തിന് എൽഡിഎഫ് നൽകുന്ന അത്രയും സീറ്റുകളെങ്കിലും തങ്ങൾക്ക് വേണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം.  അതിലൂന്നിയാണ് ഇപ്പോൾ ചർച്ച നീണ്ടുപോകുന്നത്. കത്തോലിക്ക ബെൽറ്റിലുള്ള സീറ്റുകൾ കോൺ​ഗ്രസും കേരളാ കോൺ​ഗ്രസും തമ്മിൽ വച്ചുമാറാൻ സജീവമായ ഒരു ചർച്ച നടക്കുന്നുണ്ട്. മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും തമ്മിൽ വച്ചുമാറാനാണ് പ്രധാനമായും ചർച്ച നടക്കുന്നത്. ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴയിൽ മത്സരിക്കണമെന്ന് പി ജെ ജോസഫ് ആ​ഗ്രഹിക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ മത്സരിക്കാനാ​ഗ്രഹിക്കുന്ന ജോസഫ് വാഴയ്ക്കനെ ചങ്ങനാശ്ശേരിയിലേക്ക് മാറ്റാം എന്ന നിർദ്ദേശമാണ് ജോസഫ് മുന്നോട്ട് വച്ചിരിക്കുന്നത്. 

അതേസമയം, കോൺ​ഗ്രസ് നേതാവ് കെ സി ജോസഫും ചങ്ങനാശ്ശേരിയിൽ നിന്ന് മത്സരിക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രതിസന്ധിയെ വകവയ്ക്കാതെ, ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും വച്ചുമാറാൻ കോൺ​ഗ്രസ് ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം. എന്നാൽ, കോട്ടയം ജില്ലയിൽ മറ്റ് സീറ്റുകൾ കേരളാ കോൺ​ഗ്രസിന് നൽകില്ലെന്നും കോൺ​ഗ്രസ് നിലപാടെടുക്കുന്നു. ഇത് അം​ഗീകരിക്കാൻ ജോസഫ് വിഭാ​ഗം തയ്യാറല്ല. കടുത്തുരുത്തി കൂടാതെ പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയും ജോസപ് വിഭാ​ഗം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് തർക്കം തുടരുന്നത്. 

അതിനിടെ, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗവും ഇന്നു ചേരും. സ്ഥാനാർത്ഥി നിർണയത്തിനുള്ള അന്തിമ ചർച്ചകളാണ് യോഗത്തിൽ നടക്കുക. കഴി‌ഞ്ഞ യോഗത്തിൽ നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇവ കെപിസിസി പ്രസിഡന്റിന് കൈമാറും.

click me!