
കൊച്ചി: രാഷ്ട്രീയബദലായി എറണാകുളത്ത് ഉയര്‍ന്ന് വന്ന ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ല. കൂട്ടുകെട്ടിനായി താല്‍പര്യം അറിയിച്ചെങ്കിലും ട്വന്റി ട്വന്റി അംഗീകരിച്ചില്ലെന്ന് വി ഫോര്‍ കേരള പറഞ്ഞു. വിഫോര്‍ കേരളക്ക് സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടാണ് ട്വന്റി ട്വന്റി സഖ്യത്തിന് തയ്യാറാകാതിരുന്നതെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പരീക്ഷണത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ട്വന്റി ട്വന്റിയും വി ഫോര്‍ കേരളയും നിയമസഭ തെരഞ്ഞെടുപ്പിനും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നുണ്ട്.
എട്ട് സീറ്റിലാണ് ട്വന്റി ട്വന്റി എറണാകുളം ജില്ലയില്‍ മത്സരിക്കുക. വി ഫോര്‍ കേരള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മൂന്ന് സീറ്റിലും. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളെ എതിര്‍ക്കുന്ന ഇരുസംഘടനകളും ഒരുമിച്ച് നില്‍ക്കണമെന്ന ആശയം ചര്‍ച്ചയായെങ്കിലും ഫലം കണ്ടില്ല. എറണാകുളം, കൊച്ചി, തൃക്കാക്കര ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ വി ഫോര്‍ കേരളക്കും ട്വന്റി ട്വന്റിക്കും സ്ഥാനാര്‍ത്ഥികളുണ്ട്.
നഗരമേഖലകളിലെ ട്വന്റി ട്വന്റിയുടെ ആദ്യ പരീക്ഷണമാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയെന്ന നിലയിലേക്ക് വളരാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടുകെട്ട് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ട്വന്റിക്ക് ട്വന്റിക്ക്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ രാഷ്ട്രീയ കക്ഷികളോട് താല്‍പര്യകുറവുള്ള വോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമാകും.