യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച വ്യാഴാഴ്ച; കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കും, 15 സീറ്റ് ആവശ്യപ്പെട്ട് ജോസഫ്

By Web TeamFirst Published Feb 9, 2021, 8:56 PM IST
Highlights

പി സി ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്രനാക്കാമെന്ന നിര്‍ദ്ദേശത്തിലും വ്യാഴാഴ്ച ചര്‍ച്ച നടക്കും. മുസ്ലിംലീഗില്‍ നിന്നും തിരുവമ്പാടി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പിന്നോട്ടുപോയെന്നാണ് സൂചന. 

കൊച്ചി: രണ്ടാംഘട്ട സീറ്റ് വിഭജന ചർച്ചകളിലേക്ക് യുഡിഎഫ് വ്യാഴാഴ്ച കടക്കും. കേരള കോൺഗ്രസിന്‍റെ സീറ്റുകളിൽ ഏകദേശ ധാരണ അന്നുണ്ടായേക്കും. കോട്ടയത്ത് ജോസഫ് കൂടുതൽ സീറ്റ് ചോദിക്കുന്നതാണ് ഇപ്പോഴത്തെ തർക്ക വിഷയം. 15 സീറ്റ് ചോദിച്ച ജോസഫ് വിഭാഗത്തിനെ പത്തോ പതിനൊന്നോ സീറ്റിലൊതുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോട്ടയം ജില്ലയിലെ സീറ്റുകള്‍ തന്നെയാണ് ഇപ്പോഴും തര്‍ക്ക വിഷയം. കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും നല്‍കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. 

എന്നാല്‍ മൂന്ന് സീറ്റ് കൂടി വേണമെന്ന പിടിവാശിയിലാണ് ജോസഫ്. ഏറ്റുമാനൂരും കാഞ്ഞിരപ്പിള്ളിയുമാണ് പ്രധാന ഉന്നം. കോട്ടയത്ത് ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാഗ്രിക്കുന്ന കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. മാണി വിഭാഗത്തില്‍ നിന്നും വന്ന പ്രധാന നേതാക്കള്‍ക്ക് സീറ്റ് നല്‍കാനാണ് ജോസഫ് കൂടുതല്‍ സീറ്റ് ചോദിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇനിയും മനസ്സ് തുറന്നിട്ടില്ല. 

പി സി ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്രനാക്കാമെന്ന നിര്‍ദ്ദേശത്തിലും വ്യാഴാഴ്ച ചര്‍ച്ച നടക്കും. മുസ്ലിംലീഗില്‍ നിന്നും തിരുവമ്പാടി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പിന്നോട്ടുപോയെന്നാണ് സൂചന. പി ജെ ജോസഫിന്‍റെ മകന്‍ അപു ജോസഫ് മത്സര രംഗത്തുണ്ടാകില്ല. മലബാറില്‍ ജയസാധ്യതയുള്ള സീറ്റ് ലഭിച്ചാല്‍ മുതിര്‍ന്ന നേതാക്കളാരെങ്കിലും മത്സരിക്കും. കോതമംഗലത്ത് പി ജെ ജോസഫിന്‍റെ മറ്റൊരു അടുത്ത ബന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശികമായി ആവശ്യം ഉയര്‍ന്നെങ്കിലും അക്കാര്യവും പരിഗണിക്കുന്നില്ലെന്നാണ് സൂചന. 

click me!