വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ കെ രമ തന്നെ; യുഡിഎഫ് പിന്തുണയോടെ മത്സരിക്കും

By Web TeamFirst Published Mar 16, 2021, 1:06 PM IST
Highlights

വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാന്‍ തീരുമാനമെടുത്തിരുന്ന ആര്‍എംപി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തിനെടാുവിലാണ് കെ കെ രമയെ മല്‍സരിപ്പിക്കാനുളള തീരുമാനത്തിലേക്ക് മാറിയത്. 

കോഴിക്കോട്: വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത  സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. 

വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാന്‍ തീരുമാനമെടുത്തിരുന്ന ആര്‍എംപി കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തിനെടാുവിലാണ് കെ കെ രമയെ മല്‍സരിപ്പിക്കാനുളള തീരുമാനത്തിലേക്ക് മാറിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പല വട്ടം മാറ്റിവച്ച ആര്‍എംപിക്ക് ഇന്നലെ രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം വന്നതോടെ മറ്റു വഴികളില്ലാതായി. വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ആര്‍എംപിയുമായി ആലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് എന്‍ വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos

തദ്ദേശ തെരഞ്ഞെടുപ്പിന് തുടര്‍ച്ചയായി നിയമസഭാ തെര‍ഞ്ഞെടുപ്പിലും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കാന്‍ ആര്‍എംപി നേരത്തെ  തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ കല്ലുകടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയായത്. രമ സ്ഥാനാര്‍ത്ഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തു. ഉപാധി ഇല്ലാതെ പിന്തുണ നല്‍കണമെന്ന് കെ മുരളീധരന്‍ അടക്കമുളളവര്‍ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. രമയ്ക്ക് പിന്തുണ നല്‍കുന്നതായുളള പ്രഖ്യാപനം ആര്‍എംപിക്കുളളിലും വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് 20000ത്തോളം വോട്ട് പിടിച്ച ആര്‍എംപി യുഡിഎഫ് പിന്തുണ കിട്ടുന്നതോടെ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. 

click me!